കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ സംഘര്‍ഷം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Posted on: September 7, 2013 1:42 am | Last updated: September 7, 2013 at 1:42 am

ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ ബസ് ഉടമക്കും ഡ്രൈവര്‍ക്കും പരുക്ക്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കമ്പത്തുനിന്ന് കുഴിത്തൊളുവിലേക്ക്  വരികയായിരുന്ന സ്വകാര്യ ബസുടമ സഞ്ചരിച്ച ജീപ്പ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
വാഹനം പരിശോധിക്കുന്നത് തടഞ്ഞ ബസുടമയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജ്കുമാര്‍, സ്വകാര്യ ബസ് ഉടമ കുഴിത്തൊളു കാഞ്ഞിരത്തിങ്കല്‍ തോമസ്, ജീപ്പ് ഡ്രൈവര്‍ കുഴിത്തൊളു പൊടിപ്പാറ ജോജി എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ കമ്പത്ത്‌നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ബസില്‍ ഉപയോഗിക്കുന്ന രണ്ട് ബാറ്ററികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കിടെ കണ്ടെത്തുകയും ഇവ നികുതി അടക്കാന്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തതായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
അതേസമയം, കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് മലനാട് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു.