സിറിയയിലേക്ക് റഷ്യ യുദ്ധക്കപ്പലുകളയച്ചു

Posted on: September 7, 2013 1:35 am | Last updated: September 7, 2013 at 1:35 am

മോസ്‌കോ/ദമസ്‌കസ്: സിറിയക്കെതിരെ സൈനിക നടപടിക്ക് അമേരിക്ക ശ്രമം നടത്തുന്നതിനിടെ സിറിയയിലേക്ക് റഷ്യ യുദ്ധക്കപ്പലുകളയച്ചു. ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. കിഴക്കന്‍ മധ്യധരണ്യാഴി  വഴിയാണ് റഷ്യ യുദ്ധക്കപ്പലുകള്‍ സിറിയയിലേക്ക് എത്തിച്ചത്. സിറിയന്‍ സര്‍ക്കാറിനെതിരെ നടക്കുന്ന വിമത പ്രക്ഷോഭത്തെ നേരിടാനും അമേരിക്കയുടെ ആക്രമണത്തെ പ്രതിരോധിക്കാനും വേണ്ടിയാണ് സിറിയന്‍ സൈന്യത്തിന് റഷ്യ സൈനിക സഹായം നല്‍കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റഷ്യന്‍ ഔദ്യോഗിക വക്താക്കള്‍ വിസമതിച്ചു.
സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ വ്യാപകമായ സഹായങ്ങളെത്തിച്ചു കൊടുത്തതോടെയാണ് സിറിയന്‍ സൈന്യത്തിന് റഷ്യ ആയുധ, സൈനിക സഹായങ്ങള്‍ നല്‍കിയത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന് പിന്തുണ നല്‍കുന്ന റഷ്യ ഇതിന് മുമ്പും സിറിയക്ക് സൈനിക സഹായങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു. സിറിയക്കെതിരായ സൈനിക ആക്രമണങ്ങള്‍ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ തേടുന്ന അമേരിക്കയെ ചൊടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.