Connect with us

National

2 ജി: രാജയെ ബലിയാടാക്കാന്‍ അനുവദിക്കില്ല- കരുണാനിധി

Published

|

Last Updated

ചെന്നൈ: 2 ജി സ്‌പെക്ട്രം കുംഭകോണ കേസില്‍  ഡി എം കെ നേതാവും മുന്‍മന്ത്രിയുമായ എ രാജയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എം കരുണാനിധി വ്യക്തമാക്കി. കേസന്വേഷിക്കുന്ന ജെ പി സിയില്‍ അംഗമായിരുന്ന ഡി എം കെയുടെ രാജ്യസഭാംഗമായ തിരുച്ചി ശിവ സഭാംഗത്വ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജെ പി സിയില്‍ നിന്നും ഒഴിവായിരുന്നു. ഈ ഒഴിവിലേക്ക് ഒരു ഡി എം കെ അംഗത്തെ പരിഗണിക്കാതെ കോണ്‍ഗ്രസ്  അംഗത്തെ നിയോഗിച്ചതിനെ സംബന്ധിച്ച് വാര്‍ത്താ ലേഖകര്‍ അഭിപ്രായമാരാഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കരുണാനിധി. “ആരേയും ഞങ്ങള്‍ ബലിയാടാക്കില്ല. രാജയെ ബലിയാടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ അതിനനുവദിക്കുകയുമില്ല” – കരുണാനിധി പറഞ്ഞു. രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലത്തെ അടിസ്ഥാനമാക്കിയാണ് ജെ പി സിയില്‍ അംഗമാക്കുന്നതെന്നും കരുണാനിധി വ്യക്തമാക്കി.
ജെ പി സിയുടെ റിപ്പോര്‍ട്ട് ഇതിനകം തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അത് ഇനി സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയേ വേണ്ടൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി സി ചാക്കോ അധ്യക്ഷനായ ജെ പി സിയുടെ കാലാവധി നീട്ടിയിട്ടുണ്ട്. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കും വരെയാണ് ജെ പി സിയുടെ കാലാവധി നീട്ടിയിരിക്കുന്നത്.