Connect with us

National

ഗുജറാത്ത്: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് സമ്മിശ്ര പ്രതികരണം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദിന് സമ്മിശ്ര പ്രതികരണം.  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകളും ട്രെയിനുകളും തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിച്ചതായി ഔദ്യോഗിക വക്താക്കള്‍ അവകാശപ്പെട്ടു.  അതേസമയം അഹമ്മദാബാദ്, വദജ്, സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു.
60,000ത്തോളം പോലീസ്, സൈനിക വിഭാഗങ്ങളെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചത്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. നേതാക്കളടക്കം 600ഓളം കോണ്‍ഗ്രസുകാരെ കരുതല്‍ തടവില്‍ വെച്ചിരുന്നു. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര സര്‍ക്കാറിനെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറിക്കും മാധ്യമങ്ങള്‍ക്കും നല്‍കിയ കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ബന്ദ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ താനും സഹപ്രവര്‍ത്തകരും കുറ്റക്കാരാണെങ്കില്‍ സി ബി ഐ ആദ്യം കേസെടുക്കേണ്ടതെന്ന് സര്‍ക്കാറിനെതിരെയാണെന്ന് വന്‍സാര കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വയം രക്ഷപ്പെടാന്‍ അമിത് ഷാ വൃത്തികെട്ട തന്ത്രങ്ങളാണ് പുറത്തെടുത്തത്. സര്‍ക്കാറിനെ തന്നെ അദ്ദേഹം തന്റെ വരുതിയില്‍ കൊണ്ടുവന്നു. ഇതിന് നരേന്ദ്ര മോഡി വഴങ്ങിക്കൊടുത്തുവെന്നും ഡി ജി വന്‍സാര കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നട്ടെല്ലില്ലാത്ത സര്‍ക്കാറിന്റെ പോലീസ് സേനയില്‍ തുടരാന്‍ താത്പര്യമില്ലെന്നും വന്‍സാര കത്തില്‍ ചൂണ്ടിക്കാട്ടി.

Latest