നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ലംഘകര്‍ക്ക് രക്ഷയാകില്ല

Posted on: September 6, 2013 9:36 pm | Last updated: September 6, 2013 at 9:36 pm

ദുബൈ: നിയമത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിലെ ഓരോ വ്യക്തിക്കും കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്ന് ദുബൈ ജുഡീഷ്യറി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജമാല്‍ അല്‍ സുമൈതി പറഞ്ഞു. നിയമാവബോധം നിയമലംഘനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും അതിലൂടെ വ്യക്തി-കുടുംബ-സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനും സഹായകമാകും.
സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറയാണ് ഏതൊരു രാജ്യത്തെയും നിയമങ്ങള്‍. സമൂഹത്തിലെ ഓരോ പൗരനും നിയമങ്ങളെ എത്ര കൂടുതല്‍ അടുത്തറിയുന്നോ അത്രകണ്ട് അവിടങ്ങളില്‍ സാമൂഹിക നീതിയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയും. നിയമത്തെക്കുറിച്ചുള്ള അജ്ഞത കാരണം നിയമലംഘനങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ജമാല്‍ അല്‍ സുമൈതി പറഞ്ഞു.
ചില നിയലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെ ചിലര്‍ ബുദ്ധിശൂന്യമായി കാണാറുണ്ട്. പിടിക്കപ്പെടുന്ന പലരും പറയുന്നത് ‘ഈ രീതിയില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്’ എന്നാണ്. ഒരു കാര്യം ചെയ്യാനുള്ള അനുമതി ഓരോ പ്രദേശത്തെയും നിയമപുസ്തകങ്ങളും സ്ഥാപനങ്ങളും ആ കാര്യത്തെ എങ്ങിനെ കാണുന്നു എന്നതിനെ കുറിച്ചുള്ള അന്വേഷണവും അറിവും വേണം. അതില്ലാത്ത കേവലാനുകരണം വലിയ അബദ്ധങ്ങളില്‍ കൊണ്ടെത്തിക്കും.
നിയമപരമായ അജ്ഞത പലരെയും നിയമലംഘനങ്ങളിലേക്ക് നയിക്കുമെന്നതു പോലെ തന്നെ തനിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളെയും അവകാശങ്ങളെയും നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ഡോ. ജമാല്‍ അള്‍ ഹുമൈതി പറഞ്ഞു.