ജനവികാരം മാനിക്കാത്ത ഭരണകൂടം

Posted on: September 6, 2013 6:00 am | Last updated: September 5, 2013 at 11:30 pm

ഇന്ധന വിലനിയന്ത്രണം ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്ധന കമ്പനികള്‍ക്ക് സര്‍വ സ്വാതന്ത്ര്യം നല്‍കിയത് അടുത്ത കാലത്താണ്. അതുവരെയും ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ എണ്ണക്കമ്പനികള്‍ ‘നഷ്ടത്തിന്റെ’ കണക്ക് നിരത്തുമ്പോള്‍ വില വര്‍ധിപ്പിക്കാന്‍ പച്ചക്കൊടി കാട്ടുന്ന സംവിധാനം അന്നില്ലായിരുന്നു. നഷ്ടക്കഥകള്‍ അണിനിരത്തിയാലും അതിന് അനുമതി ലഭിക്കാന്‍ അഞ്ചും ആറും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിയിരുന്നു. ജനത്തിന് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ മുമ്പ് കേന്ദ്രത്തിന് അല്‍പം ഭയമൊക്കെ ഉണ്ടായിരുന്നു. ജനാധിപത്യത്തില്‍ ആത്യന്തികമായി ജനങ്ങള്‍ തന്നെയാണല്ലോ ശക്തര്‍. എന്നാല്‍ ഇന്ന് അത്തരം ആശങ്കകളൊന്നും ഭരണകൂടത്തെ നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്കില്ല. ആഗോളവത്കരണവും ഉദാരവത്കരണവും മുഖമുദ്രയാക്കിയ ഇന്ത്യന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തകകളും കോര്‍പ്പറേറ്ററുകളും തെളിക്കുന്ന വഴിയിലൂടെയാണ് ചലിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഈ മാസം രണ്ടിന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രധാനമന്ത്രിക്കയയച്ച കത്ത് മാത്രം മതി ഇതിന് തെളിവായിട്ട്. ആഗസ്ത് 31ന് ശനിയാഴ്ച പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും (നികുതി കൂടാതെ) ലിറ്ററിന്‍ മേല്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു വീരപ്പമൊയ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ധന വിലവര്‍ധനയില്‍ രാജ്യത്ത് ഉയരുന്ന അമര്‍ഷമായിരുന്നില്ല; ഇന്ധനത്തിന് ഇനിയും വില കൂട്ടണമെന്ന ആവശ്യമായിരുന്നു കത്തില്‍. പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 3 – 5 രൂപയും വില കൂട്ടണമെന്നാണ് മൊയ്‌ലി വളച്ചുകെട്ടൊന്നുമില്ലാതെ ആവശ്യപ്പെട്ടത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ തന്നെ. എസ് ജയ്പാല്‍ റെഡ്ഢി പെട്രോളിയം മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പുലര്‍ത്തിയ ജനപക്ഷ ചിന്താഗതി മന്‍മോഹന്‍ സിംഗിനും മറ്റും അത്ര രുചിച്ചിരുന്നില്ല. മന്ത്രിസഭാ പുനഃസംഘടനയെന്ന ഏറ്റവും മികച്ച അവസരം ലഭിച്ചപ്പോള്‍ റെഡ്ഢിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയതും മൊയ്‌ലിയെ പകരക്കാരനായി വാഴിച്ചതും അതുകൊണ്ടുതന്നെ. ഏതായാലും ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊയ്ത്തുകാലമാണ്. അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണമായി പൊതുമേഖലാ എണ്ണക്കമ്പനികളുടെ മേലാളന്മാര്‍ മാറിയിരിക്കുന്നു. അതിന്റെ തിക്തഫലം പാവം ജനങ്ങള്‍ അനുഭവിക്കുന്നു. അരി തൊട്ട് ഉപ്പ് വരെ അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, നാണയപ്പെരുപ്പം തുടങ്ങി ജനജീവിതം ദുസ്സഹമാക്കുമ്പോഴും ഇതിനെല്ലാം കാരണമാകുന്ന ഘടകങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. അമേരിക്കയും ലോകബേങ്കും പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങള്‍ നടപ്പാക്കുന്നതില്‍ മാത്രമാണ് മന്‍മോഹന്‍ സിംഗിനും ധനമന്ത്രി ചിദംബരത്തിനും താത്പര്യം. രാഷ്ട്ര സമ്പദ്ഘടന പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും മന്‍മോഹന്‍ സിംഗിനും സഹയാത്രികര്‍ക്കും തെല്ലും അല്ലലില്ല. ‘രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണ്. പിന്നെന്തിന് ഭയപ്പെടണം? പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ നേടുന്ന കോടികളിലൂടെയാണ് ഇപ്പോള്‍ ഭരണചക്രം തിരിക്കുന്നത്. ‘വിത്തിന് വെച്ചതെടുത്ത് കുത്തുക’യാണെന്ന കാര്യം അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
അതിനിടയില്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി ഉന്നയിച്ച ഒരാവശ്യമുണ്ട്. പക്ഷേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതേകുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണഇറക്കുമതി പഴയപടി പൂര്‍ണ തോതില്‍ നടത്തണമെന്നാണ് മൊയ്‌ലി നിര്‍ദേശിച്ചത്. രൂപ ഇപ്പോള്‍ നേരിടുന്ന മൂല്യത്തകര്‍ച്ചക്ക് ഒരു വലിയ പരിധിവരെ പരിഹാരം കാണാന്‍ ഉപകരിക്കുന്ന ഈ നിര്‍ദേശത്തെ ഇടതുപക്ഷവും ബി ജെ പിയും സ്വാഗതം ചെയ്തു. പക്ഷേ കേന്ദ്ര സര്‍ക്കാറിന് മിണ്ടാട്ടമില്ല. ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് ഇന്ധനമെത്തിക്കാനുള്ള വന്‍ പദ്ധതി പ്രാവര്‍ത്തികമാകാതെ പോയത് അമേരിക്കയുടെ താക്കീതില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് കാലിടറിയത് കൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. ആണവപ്രശ്‌നത്തില്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ അമേരിക്കയും സഖ്യശക്തികളും പ്രഖ്യാപിച്ച ഉപരോധത്തില്‍ ഇന്ത്യയെകൂടി പങ്കാളിയാക്കാനാണ് ഒബാമയുടെ ശ്രമം. ഇറാനില്‍ നിന്നും മുന്‍കാലത്തെന്നപോലെ പ്രതിവര്‍ഷം 13 മില്യന്‍ ടണ്‍ എണ്ണ ഇറക്കുമതി നടത്തിയാല്‍ രാജ്യം നേരിടുന്ന ഇന്ധനക്ഷാമത്തിനും രൂപയുടെ മൂല്യത്തകര്‍ച്ചക്കും ഒരു പരിധിവരെ പരിഹാരമാകും. ഇറാനിയന്‍ എണ്ണക്ക് ഇന്ത്യന്‍ രൂപയിലാണ് വില നല്‍കുന്നത്. ഇത് ഡോളര്‍ വിനിമയം പരിമിതപ്പെടുത്താന്‍ സഹായിക്കും. കറണ്ട് അക്കൗണ്ട് കമ്മി വലിയൊരളവില്‍ കുറക്കാനും സഹായകമാകും. രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ളവരെ പഴിചാരി തടിയൂരുന്നത് രാഷ്ട്ര തന്ത്രജ്ഞതയല്ല. സ്വന്തം കഴിവുകേടാണ് ഇതിലൂടെ പുറത്തുവരുന്നത്.