ഇന്ത്യന്‍ എഴുത്തുകാരി അഫ്ഗാനില്‍ വെടിയേറ്റ് മരിച്ചു

Posted on: September 5, 2013 11:26 pm | Last updated: September 5, 2013 at 11:26 pm

sushmita banerjeeകാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി (49) അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. പക്തിക പ്രവിശ്യയിലെ തന്റെ വീടിന് മുന്നില്‍ വ്യാഴാഴ്ചയാണ് സംഭവം. താലിബാന്‍കാരുടെ തടങ്കലില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ട അനുഭവം അടിസ്ഥാനമാക്കി സുഷ്മിത എഴുതിയ ഓര്‍മക്കുറിപ്പുകള്‍ ബോളിവുഡില്‍ സിനിമയാക്കിയിരുന്നു. അഫ്ഗാന്‍ ബിസിനസുകാരനായ ജാന്‍ബസ് ഖാനാണ് സുഷ്മിതയുടെ ഭര്‍ത്താവ്.പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഖരാനയിലെ വസതിയിലെത്തിയ താലിബാന്‍കാര്‍ ഭര്‍ത്താവിനെയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും കെട്ടിയിട്ട ശേഷം സുഷ്മിതയെ പിടിച്ച് പുറത്തു കൊണ്ടുവന്ന് വധിക്കുകയായിരുന്നു. താലിബാനെ മോശമായി ചിത്രീകരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. ഒരു മതപാഠശാലയുടെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

സയീദ് കമല എന്ന് ഏറെ അറിയപ്പെട്ടിരുന്ന സുഷ്മിത ഹെല്‍ത്ത് വര്‍ക്കറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. തന്റെ തൊഴിലിന്റെ ഭാഗമായി ഗ്രാമീണ സ്ത്രീകളുടെ ജീവിതം അവര്‍ സിനിമയാക്കുന്നുണ്ടായിരുന്നു. കൊലയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുഷ്മിതയുടെ ‘ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ’ എന്ന പുസ്തകം ഏറെ ജനപ്രീതി നേടിയതായിരുന്നു. 1995ല്‍ താലിബാന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട സ്വന്തം അനുഭവമായിരുന്നു വിഷയം. 2003ലാണ് ഇത് സിനിമയാക്കിയത്.