Connect with us

International

യു എസിന് റഷ്യയുടെ മുന്നറിയിപ്പ്‌

Published

|

Last Updated

മോസ്‌കോ: സിറിയക്കെതിരെ സൈനിക നടപടിക്കൊരുങ്ങുന്ന അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും റഷ്യയുടെ മുന്നറിയിപ്പ്. യു എന്നിന്റെ അനുമതിയില്ലാതെ സിറിയക്കെതിരെ ആക്രമണം നടത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ഇത്തരമൊരു നടപടി അംഗീകരിക്കാനാകില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വ്യക്തമാക്കി.
സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും രാഷ്ട്രീയപ്രേരിതമായിട്ടാണ് അമേരിക്കയുടെ നടപടിയെന്നും പുടിന്‍ വിശദീകരിച്ചു. അമേരിക്ക ആരോപിക്കുന്നത് പോലെ കഴിഞ്ഞ മാസം നടന്ന രാസായുധ ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാറിനോ സൈന്യത്തിനോ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിറിയക്കെതിരെ യു എന്നില്‍ ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ സൈന്യം രാസായുധ ആക്രമണം നടത്തിയെന്നാരോപിച്ച് അമേരിക്ക സിറിയക്കെതിരെയുള്ള സൈനിക ആക്രമണത്തിന് ഊര്‍ജിതമായ ശ്രമം നടത്തുമ്പോഴാണ് പുടന്റെ മുന്നറിയിപ്പ്. സൈനിക നടപടി സ്വീകരിച്ചാല്‍ അത് അതിക്രമമായി കണക്കാക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുടിന്‍ അമേരിക്കന്‍ നിലപാടിനെതിരെ തുറന്നടിച്ചത്. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പുടിന്റെ അഭിമുഖം എന്നതും ശ്രദ്ധേയമാണ്. ആഗോള സാമ്പത്തിക മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സമ്മേളനത്തില്‍ നിലവിലെ സാഹചര്യത്തില്‍ സിറിയന്‍ വിഷയവും മുഖ്യ അജന്‍ഡയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. സമ്മേളനം ഇന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് ആരംഭിക്കും.