Connect with us

Kerala

നേപ്പാളികള്‍ക്ക് ആധാര്‍: അന്വേഷണം തുടങ്ങി

Published

|

Last Updated

പാനൂര്‍: നേപ്പാള്‍ പൗരന്മാര്‍ക്ക് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊളവല്ലൂര്‍ എസ് ഐ പായിസ് അലിയാണ് നേപ്പാളികളായ ഗൂര്‍ഖളില്‍ നിന്ന് ആധാര്‍ കാര്‍ഡ് പിടിച്ചെടുത്തത്.
കടവത്തൂര്‍ തെങ്ങപറമ്പിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന പ്രകാശ്കുമാര്‍, ശിവരാജ് എന്നിവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ച വിവരം കഴിഞ്ഞ ദിവസം സിറാജാണ് പുറത്തുകൊണ്ടുവന്നത്. വെസ്റ്റ് നേപ്പാളിലെ കൈലാലി ജില്ലയില്‍പ്പെട്ട മല്ലകെട്ടി പഞ്ചായത്തിലെ കമൗറാ വില്ലേജ് എന്നതാണ് ഇരുവരുടെയും സ്ഥിരം മേല്‍വിലാസം. യാതൊരു രേഖയും സമര്‍പ്പിക്കാതെയാണ് ഇവര്‍ ആധാര്‍ സംഘടിപ്പിച്ചത്.
സിറാജില്‍ വാര്‍ത്ത കണ്ടയുടനെ പാനൂര്‍ എസ് ഐ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്റെ സീല്‍ പതിപ്പിച്ച കാര്‍ഡ് കാണിച്ചാണ് നേപ്പാളികള്‍ ആധാര്‍ സംഘടിപ്പിച്ചതെന്ന് അറിയുന്നു. സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ പി ആര്‍ ഫോട്ടോ എടുക്കാനുള്ള സ്ലിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് കടവത്തൂര്‍ വൊക്കേഷനല്‍ ഹൈസ്‌കൂളില്‍ ഇവര്‍ എത്തിയത്.
സ്വാതി സ്മാര്‍ട്ട് കാര്‍ഡ് ഇന്‍ഫോ ലിമിറ്റഡ് എന്ന കമ്പനിക്കാണ് എന്‍ പി ആര്‍ കാര്‍ഡ് എടുക്കാനുള്ള ചുമതല. ജനസംഖ്യാ കണക്കെടുപ്പില്‍ ഇവരുടെ പേര്‍ ചേര്‍ത്തതിനാല്‍ ഫോട്ടോ എടുക്കുന്ന സമയത്ത് യാതൊരു രേഖയും നോക്കിയിട്ടില്ലെന്നാണ് പറയുന്നത്. പൗരത്വം തെളിയിക്കുന്ന എന്‍ പി ആര്‍ കാര്‍ഡിനായുള്ള ഫോട്ടോ എടുക്കലിലാണ് ഇവര്‍ പങ്കെടുത്തത്.
സംഭവം റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു. ആധാര്‍ കിട്ടിയ സംഭവം ഗൗരവത്തില്‍ കാണുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. അതിനിടെ അക്ഷയ ജില്ലാ കോര്‍ഡിനേറ്ററോടും എന്‍ പി ആര്‍ ജില്ലാ കോര്‍ഡിനേറ്ററോടും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest