Kerala
കള്ളക്കടത്ത് തടയാന്‍ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സംവിധാനങ്ങള്‍
		
      																					
              
              
            നെടുമ്പാശ്ശേരി: രാജ്യത്ത് കസ്റ്റംസ് തീരുവ വര്‍ധിച്ചതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണവും മറ്റും പിടികൂടാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നു. അത്യാധുനിക മെറ്റല്‍ ഡിറ്റക്ടര്‍, ഡോര്‍ ഫ്രേം ഡിറ്റക്ടര്‍ തുടങ്ങിയവയാണ് ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്.
കസ്റ്റംസ് തീരുവ കൂട്ടിയതോടെയാണ് ഇന്ത്യയിലേക്ക് സ്വര്‍ണകള്ളക്കടത്ത് വര്‍ധിച്ചത്. വിദേശ രാജ്യങ്ങളില്‍ കുറഞ്ഞ കൂലിക്ക് ജോലിചെയ്യുന്ന മലയാളികളെ ഉപയോഗിച്ചാണ് കേരളത്തിലേക്ക് സ്വര്‍ണക്കള്ളക്കടത്ത് കൂടുതലായും നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തില്‍ നിന്ന് നാലര കോടിയോളം വില വരുന്ന 18 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മുബൈ, മംഗലാപുരം തുടങ്ങിയ വിമാനത്താവളങ്ങളിലും വന്‍ സ്വര്‍ണവേട്ട തന്നെ നടന്നിട്ടുണ്ട്. ഇതില്‍ പിടിയിലായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. വിസിറ്റിംഗ് വിസയില്‍ ജോലി ലഭിക്കാനും അല്ലാതെയും പോകുന്നവരെയും സ്വര്‍ണക്കള്ളക്കടത്ത് സംഘം സ്വര്‍ണകടത്തിനായ് ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ പോയ ഭാര്യാഭര്‍ത്താക്കന്‍മാരെയും ജോലി ലഭിക്കാതെ തിരിച്ചുവന്നവരെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. ഈ അടുത്തകാലത്ത് പിടിയിലായവരില്‍ ഭൂരിഭാഗം പേരും പല പ്രാവശ്യം സ്വര്‍ണം, കുങ്കുമ പൂവ് എന്നിവ കടത്തുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സ്വര്‍ണം അനധികൃതമായി കൊണ്ടുവരുന്നതിന് പ്രധാനമായും പിടിക്കപ്പെടുന്നത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരെയാണ്. ഇവര്‍ പല പ്രാവശ്യം കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്ക് വേണ്ടിയും സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു പ്രാവശ്യം ഒരു കിലോ സ്വര്‍ണം കൊണ്ടുവന്നാല്‍ കസ്റ്റംസ് തീരുവ ഇനത്തില്‍ മാത്രം രണ്ട് ലക്ഷത്തിലധികം രൂപ കള്ളക്കടത്ത് സംഘത്തിന് ലാഭമുണ്ട്. നികുതി ഇനത്തിലെ മറ്റ് ലാഭം കൂടി വരുന്നതോടെ സ്വര്‍ണം അനധികൃതമായി കൊണ്ടുവരുന്നതിലൂടെ നാല് ലക്ഷത്തിലധികം രൂപ ലാഭമുണ്ടാകും. അനധികൃതമായി സ്വര്‍ണം പലപ്രാവശ്യം കടത്തുമ്പോള്‍ ഒരു പ്രാവശ്യം പിടിക്കപ്പെട്ടാലും നഷ്ടം ഉണ്ടാവില്ലെന്നതാണ് കള്ളക്കടത്തുകാരെ ഇതിന് പ്രേരിപ്പിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുമൂലം വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവരെ കണ്ടെത്തി ടിക്കറ്റും സമ്മാനങ്ങളും പണവും നല്‍കിയാണ് അനധികൃതമായി സ്വര്‍ണം കടത്തുന്നത്. സ്വര്‍ണകള്ളക്കടത്ത് സംഘം നല്‍കുന്ന ടിക്കറ്റില്‍ നാട്ടില്‍ അനധികൃത സ്വര്‍ണവുമായി എത്തുന്നവര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ആള്‍ക്ക് സ്വര്‍ണം കൈമാറുന്നതോടെ പണവും പാരിതോഷികവും നല്‍കും.
രൂപയുടെ മൂല്യം ഇടിയുന്നത് തടയാനാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കൂട്ടിയത്. നാല് ശതമാനം മാത്രം ഉണ്ടായിരുന്ന കസ്റ്റംസ് തീരുവ കഴിഞ്ഞ ജനുവരിയില്‍ ആറ് ശതമാനമായും ജൂണില്‍ 10 ശതമാനമായും ഉയര്‍ന്നു. ഇതിനു ശേഷമാണ് സ്വര്‍ണക്കള്ളക്കടത്ത് ഊര്‍ജിതമായത്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



