Connect with us

Kannur

ലക്ഷദ്വീപിനെ സംരക്ഷിത സമുദ്ര ജൈവമണ്ഡലമായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ നിന്ന് 300 കി മീ അകലെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപ് സമൂഹങ്ങളെക്കുറിച്ചുള്ള ആദ്യ സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറായി. ജനവാസമുള്ള 11 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ലക്ഷദ്വീപിന്റെ ജൈവവൈവിധ്യമടക്കം കനത്ത നാശം നേരിടുന്നതിന്റെ പശ്ചാത്തലത്തി ല്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പഠനം നടത്തിയത്.
ലക്ഷദ്വീപിന്റെ തീരങ്ങളെയും മണ്ണിനെയും ജലലഭ്യതയെയുമെല്ലാം ഇവിടെയുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന ഗൗരവതരമായ കണ്ടെത്തലുകളാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗ ണ്‍സിലിന്റെ പഠനത്തില്‍ വെളിപ്പെട്ടത്. കേരളത്തിലെ 27 ശാസ്ത്രജ്ഞന്മാര്‍ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി നടത്തിവന്ന പഠനത്തിലാണ് രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൃത്യമായി തിരിച്ചറിയാനായത്. ലക്ഷദ്വീപിന്റെ ഭൂമി, ജലവിഭവ സമ്പത്ത്, ഊര്‍ജലഭ്യത, ജൈവവൈവിധ്യം, ടൂറിസം പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, തീരദേശ പരിസ്ഥിതി തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്. ദ്വീപ് സമൂഹങ്ങള്‍ പലതവണ സന്ദര്‍ശിച്ചും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചും നടത്തിയ പഠനത്തില്‍ ലക്ഷദ്വീപിന്റെ പരിസ്ഥിതി അപകടകരമാംവിധം നാശം നേരിടുന്നതായാണ് കണ്ടെത്തിയത്.
12 പവിഴപ്പുറ്റുകളും മൂന്ന് ശൈലസേതുക്കളും അഞ്ച് തീരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ലക്ഷദ്വീപ്. ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളുമുണ്ട്. കവരത്തി, അഗത്തി, അമിനി, അന്ത്രോത്ത്, ബന്ത്രം, കടമത്ത്, കില്‍ത്താന്‍, ചെത്തലത്ത്, കല്‍പ്പേനി, മിനിക്കോയി തുടങ്ങിയ ജനവാസദ്വീപുകളുള്‍പ്പെടെ ലക്ഷദ്വീപിന്റെ മൊത്തം ഭൂപരപ്പ് ഏകദേശം 32 ചതുരശ്ര കിലോമീറ്ററാണ്. തീരത്തോട് ചേര്‍ന്നു കിടക്കുന്ന കടല്‍പ്പരപ്പ് (ലഗൂണ്‍) 4200 സ്‌ക്വയര്‍ മീറ്ററുമാണ്. ദ്വീപിന്റെ ഭൂരിഭാഗം മേഖലയും പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണ്.
64,473 ആണ് ലക്ഷദ്വീപിലെ ആകെ ജനസംഖ്യയായി ഏറ്റവും പുതിയ സെന്‍സസ് പ്രകാരം കണ്ടെത്തിയിട്ടുള്ളത്. 2001ല്‍ ഇത് 60,000 മായിരുന്നു.
ലക്ഷദ്വീപിന്റെ പാരിസ്ഥിതിക നാശത്തിന് പ്രധാന കാരണങ്ങളിലൊന്ന് വര്‍ധിച്ചുവരുന്ന ജനസഞ്ചയമാണെന്ന് പഠനത്തില്‍ പറയുന്നുണ്ട്. ജനപ്പെരുപ്പത്തെ തുടര്‍ന്നുണ്ടാകുന്ന വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിവിഭവങ്ങളുടെ ചൂഷണവുമാണ് ലക്ഷദ്വീപിന്റെ നിലവിലുള്ള ആവാസവ്യവസ്ഥയെ ബാധിച്ചതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇരുനില കെട്ടിടങ്ങളടക്കം വീടുകളുടെയും മോട്ടോര്‍വാഹനങ്ങളുടെയും എണ്ണം വളരെയധികം വര്‍ധിക്കുന്നത് ദ്വീപിന്റെ ലോലമായ പരിസ്ഥിതി ദുര്‍ബലപ്പെടുത്തുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് വര്‍ധിച്ച ജലദൗര്‍ലഭ്യമാണ്. ദ്വീപിലെ ഓരോ വികസന പ്രവര്‍ത്തനവും വളരെ ആലോചിച്ച ശേഷമേ നടപ്പാക്കാവൂയെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു.
ലക്ഷദ്വീപ് സമൂഹങ്ങളുടെ സംരക്ഷണത്തിനായി ദ്വീപിനെ സംരക്ഷിത സമുദ്ര ജൈവമണ്ഡലമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് ഗവേഷക സംഘം ഏറ്റവും പ്രധാനമായി മുന്നോട്ടുവെച്ചത്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ശാസ്ത്രജ്ഞര്‍ ഡോ. കമലാക്ഷന്‍ ചീഫ് കോര്‍ഡിനേറ്ററായുള്ള സമിതിയുടെ പഠന റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ലക്ഷദ്വീപ് സര്‍ക്കാറിനും ഉടന്‍ കൈമാറും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest