പുഴയോരങ്ങള്‍ ഇടിഞ്ഞു തീരുന്നു

Posted on: September 4, 2013 10:07 pm | Last updated: September 4, 2013 at 10:07 pm

മാനന്തവാടി: തീരമിടിഞ്ഞുള്ള മണലെടുപ്പും മുളങ്കൂട്ടങ്ങളുടെ നാശവും നിമിത്തം പുഴയോരങ്ങള്‍ ഇടിഞ്ഞ് തീരുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 
പുഴയോരത്ത് അപൂര്‍വ്വമായി അവശേഷിച്ചിരുന്ന മുളങ്കൂട്ടങ്ങള്‍ പൂത്തുണങ്ങി വേരോടെ മറിഞ്ഞ് വീഴുന്നതോടെ പുഴ തീരങ്ങള്‍ പൂര്‍ണ്ണമായി നശിച്ചുകൊണ്ടിരിക്കുന്നു.
ഇവിടങ്ങളില്‍ അടിഞ്ഞുകൂടിയ മണലും മണ്ണും കൂടി വില്‍പ്പന നടത്തുന്ന സംഘങ്ങളും പുഴയോരങ്ങളില്‍ സജീവമായികൊണ്ടിരിക്കുന്നു. ഓരോ മഴക്കാലം കഴിയുന്നതോടുകൂടിയും പുഴയോരങ്ങള്‍ പൂര്‍ണ്ണമായും നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റിയും റവന്യൂ ജിയോളജിഗ്രാമപഞ്ചായത്ത് സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്ന നിയമം ശക്തമാണെങ്കിലും നാള്‍ക്കു നാള്‍ നദികളുടെ നാശം പൂര്‍ണ്ണമായികൊണ്ടിരിക്കുന്നു. ഓരോ വരള്‍ച്ചകാലത്തും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ജലസോത്രസുകളുടെ സംരക്ഷണം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.
പുഴകളെ സംരക്ഷിച്ച് നിര്‍ത്താത്ത പക്ഷം പുഴയോരങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന പുഞ്ചകൃഷിവ്യാപനങ്ങള്‍ പ്രഹസനമായി മാറും. പുഴയോര സംരക്ഷണം ജീവല്‍ പ്രധാന പ്രശ്‌നമായി കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണകൂടം തയ്യാറാകണമെന്ന് പാലിയണ പൗരസമിതി ആവശ്യപ്പെട്ടു.