ഈജിപ്തില്‍ അല്‍ജസീറയടക്കം നാല് ചാനലുകള്‍ക്ക് വിലക്ക്

Posted on: September 4, 2013 12:51 am | Last updated: September 4, 2013 at 12:53 am

AL JAZEERAകൈറോ: അല്‍ജസീറ ഉള്‍പ്പെടെ നാല് ചാനലുകള്‍ക്ക് ഈജിപ്തില്‍ നിരോധം. വിമതരുടെ പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ക്ക് ഭരണഘടനാ കോടതി രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.
മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വന്‍തോതില്‍ നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് കോടതി നടപടി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയോട് അനുഭാവം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. അതേസമയം രാജ്യത്ത് ചാനല്‍ നിരോധിച്ച നടപടിക്കെതിരെ അല്‍ ജസീറ ചാനല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അല്‍ ജസീറ ചാനല്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും ദേശീയതക്ക് ഭീഷണിയാണെന്നും മൂന്ന് മന്ത്രാലയങ്ങള്‍ കഴിഞ്ഞാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ടി വി സ്റ്റേഷനുകള്‍ ഉടന്‍ അടച്ചുപൂട്ടുമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലൈസന്‍സില്ലാതെയാണ് അല്‍ജസീറ വാര്‍ത്താ സംപ്രേഷണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ പറയുന്നത്. അല്‍ ജസീറക്ക് പുറമെ ഹമാസ് അനുകൂല ചാനല്‍, ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനല്‍, ബ്രദര്‍ഹുഡ് അനുകൂല ചാനലായ അസ്‌റാര്‍ എന്നിവക്കാണ് രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയത്. മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം അല്‍ ജസീറ ചാനലിന്റെ പ്രാദേശിക ചാനലുകളില്‍ റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.