Connect with us

Editorial

കഞ്ചിക്കോടും റായ്ബറേലിയും

Published

|

Last Updated

മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട് റെയില്‍വേ കോച്ച് ഫാക്ടറിക്കു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പിന്. 1980 കളുടെ തുടക്കത്തില്‍ രാജ്യത്തെ രണ്ടാമത്തെ കോച്ച് ഫാക്ടറി പാലക്കാട്ട് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും അന്നത്തെ പാര്‍ലിമെന്റ് അംഗങ്ങളുടെയും പിടിപ്പുകേട് കൊണ്ട് അത് പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് നാട് കടന്നു. പഞ്ചാബ് തീവ്രവാദികളെ സമാശ്വസിപ്പിക്കാനുള്ള പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തില്‍ സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയത്. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള 1982ലെ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍ ബാല കൃഷ്ണപ്പിള്ള പഞ്ചാബ് മോഡല്‍ പ്രസംഗം നട ത്താനും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിക്കാനും ഇടയാക്കിയത് ഈ കോച്ച് ഫാക്ടറി മാറ്റമാണ്. 
പിന്നീട് സേലം ഡിവിഷന്‍ രൂപവത്കരണത്തിന് വേണ്ടി പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചതിലുള്ള കേരളീയരുടെ പ്രതിഷേധം തണുപ്പിക്കാനായി 2008-09വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപനം വന്നു. നാലര വര്‍ഷത്തിന് ശേഷം 2002 ഫെബ്രുവരിയില്‍ തറക്കല്ലിടല്‍ കര്‍മവും അരങ്ങേറി. ഇതോടെ കോച്ച് ഫാക്ടറിയെന്ന കേരളീയന്റെ സ്വപ്‌നം താമസിയാതെ പൂവണിയുമെന്ന പ്രതീക്ഷക്ക് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന മങ്ങലേല്‍പ്പിച്ചിരിക്കയാണ്. ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനാണ് റെയില്‍വേയുടെ തീരുമാനമെന്നും ഇതിനുള്ള ആഗോള ടെന്‍ഡര്‍ ഉടനെ പുറപ്പെടുവിക്കുമെന്നുമാണ് അരുണേന്ദ്ര കുമാര്‍ പറയുന്നത്. കോച്ച് ഫാക്ടറിക്കായി 74 ശതമാനം ഓഹരി നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ച സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ (സെയില്‍) നിര്‍ദേശം അട്ടമറിക്കാനാണ് ആഗോള ടെന്‍ഡറെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പൂര്‍ണ റെയില്‍വേ പദ്ധതിയായോ, ഭൂരിപക്ഷം ഓഹരികളും റെയില്‍വേയുടെതാക്കി നിലനിര്‍ത്തി കേന്ദ്ര പൊതുമേഖലയുടെ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയായോ ഇത് നടപ്പാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത് സാധിച്ചെടുക്കുന്നതിന് എം ബി രാജേഷ് എം പിയും മറ്റും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിയിലെ 76 ശതമാനം ഓഹരിയും ഏറ്റെടുക്കാന്‍ സെയില്‍ സന്നദ്ധമായത്. എന്നാല്‍ സെയിലുമായി ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ചക്ക് പോലും സന്നദ്ധമാകാതെ സ്വകാര്യ പങ്കാളിയെ അന്വേഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പദ്ധതി പ്രവര്‍ത്തനം അനന്തമായി നീളാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നു.
യാത്രാ, ചരക്കുകൂലി ഇനത്തില്‍ റെയില്‍വേക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഖേദകരമെന്ന് പറയട്ടെ, കേരളത്തോട് റെയില്‍വേക്ക് എന്നും അവഗണനയാണ്. ബജറ്റുകളില്‍ കേരളത്തിന് നീക്കി വെക്കുന്ന തുക നാമമത്രം. കഴിഞ്ഞ ബജറ്റിലെ കൊടിയ അവഗണക്കെതിരെ പ്രതിരോധ മന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനുമായ എ കെ ആന്റണി തന്നെ അന്നത്തെ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കുകയുണ്ടായി. കേരളത്തിലെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവുമെല്ലാം അനന്തമായി നീളുന്നു. സംസ്ഥാനത്ത് ഓടുന്ന മിക്ക ട്രെയിനുകളിലെയും കോച്ചുകള്‍ കാലപ്പഴക്കം ചെന്നതും ജീര്‍ണിച്ചതുമാണ്. നല്ല കോച്ചുകള്‍ അനുവദിച്ചാല്‍ തന്നെ ചെന്നൈയിലെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞു തിരിച്ചെത്തുന്നത് മറ്റാര്‍ക്കും വേണ്ടാത്ത മോശമായ കോച്ചുകളായിരിക്കുമെന്നതാണ് അനുഭവം. ഓണത്തിനും മറ്റു ആഘോഷ വേളകളിലും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കുന്നതിലും അവഗണന തന്നെ. പ്രതേൃക ട്രെയിനുകള്‍ക്ക് കേരളത്തില്‍ നിന്ന് ആവശ്യമുയരുമ്പോള്‍ കോച്ചുകളില്ലെന്നായിരിക്കും മറുപടി. മറ്റു സ്ഥലങ്ങളിലേക്കു പ്രത്യേക വണ്ടികള്‍ അനുവദിക്കാന്‍ യാതൊരു തടസ്സവുമുണ്ടാകാറുമില്ല.
കുഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്കൊപ്പം അനുവദിച്ചതാണ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറി. 2009ല്‍ നിര്‍മാണം ആരംഭിച്ച ഫാക്ടറിക്ക് പൂര്‍ണമായും റെയില്‍വേയാണ് മുതല്‍ മുടക്കിയത്. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കിയ ഫാക്ടറിയില്‍ ആദ്യമായി നിര്‍മിച്ച ഇരുപത് കോച്ചുകള്‍ കഴിഞ്ഞനവംബറില്‍ സോണിയ പുറത്തിറക്കിയപ്പോള്‍ കഞ്ചിക്കോട് ഫാക്ടറിയുടെ കാര്യം ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തന്നെ.