എല്‍ ഡി സി പരീക്ഷ: അപേക്ഷകള്‍ 13 ലക്ഷം കവിഞ്ഞു

Posted on: September 3, 2013 11:40 pm | Last updated: September 3, 2013 at 11:40 pm

തിരുവനന്തപുരം: ഈ വര്‍ഷം പി എസ് സി നടത്തുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം വരെ 13,00814 ഉദ്യോഗാര്‍ഥികളാണ് പി എസ് സിയുടെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഒന്നിനാണു പി എസ് സി എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു വരെ അപേക്ഷിക്കാത്തവര്‍ക്ക് ഇന്നും നാളെയും കൂടി അവസരമുണ്ട്. ബുധനാഴ്ച രാത്രി 12 വരെ അപേക്ഷ സ്വീകരിക്കും. ആകെ അപേക്ഷകരുടെ എണ്ണം 16 ലക്ഷം കവിയുമെന്നാണു പി എസ് സിയുടെ കണക്കു കൂട്ടല്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,87303 ഉദ്യോഗാര്‍ഥികളാണ് തലസ്ഥാന ജില്ലയില്‍ നിന്നും അപേക്ഷിച്ചിരിക്കുന്നത്. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനം- 1,36061 ഉദ്യോഗാര്‍ഥികള്‍. കോഴിക്കോട് -1,20535, മലപ്പുറം-1,20115, തൃശൂര്‍-1,09037, പാലക്കാട് -1,08949, കൊല്ലം -85,489, പത്തനംതിട്ട-50,925, ആലപ്പുഴ-78,718, കോട്ടയം -84,075, ഇടുക്കി-45,454, വയനാട് -40,920, കണ്ണൂര്‍ -91,169, കാസര്‍ഗോഡ്-42,064 എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ കണക്ക്.