2022 ല്‍ യു എ ഇയുടെ സമ്പാദ്യം 1.69 ട്രില്യണാവുമെന്ന് പഠനം

Posted on: September 3, 2013 7:21 pm | Last updated: September 3, 2013 at 7:21 pm

ദുബൈ: അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സമ്പത്ത് വ്യവസ്ഥയില്‍ ഒന്നായ യു എ ഇയുടെ സമ്പാദ്യം 2022ല്‍ 1.69 ട്രില്ല്യണ്‍ ഡോളറാവുമെന്ന് പഠനം. ഇപ്പോള്‍ ഒരു ട്രില്ല്യണ്‍ സമ്പാദ്യമാണ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിനുള്ളത് ഇതാണ് 1.69 ആയി അടുത്ത ഒമ്പത് വര്‍ഷത്തിനിടയില്‍ വര്‍ധിക്കുക. ഗ്ലോബല്‍ ബില്‍ട്ട് അസ്സെറ്റ് വെല്‍ത്ത് ഇന്റെക്‌സ് പ്രകാരം നിലവിലെ 25ാം സ്ഥാനത്ത് നിന്നും 23ാം സ്ഥാനത്തേക്ക് രാജ്യം എത്തുമെന്നും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനമായ ഇ സി ഹാരിസ് വ്യക്തമാക്കി.

ലോക വ്യാപകമായി 30 രാജ്യങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അവലംബമാക്കിയാണ് പഠനം നടത്തിയത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തികവും ആരോഗ്യകരവുമായ വളര്‍ച്ചയുടെ സൂചികകൂടിയാണ് വെല്‍ത്ത് ഇന്റെക്‌സ്. രാജ്യത്തെ പൊതുസ്വകാര്യ മേഖലയിലെയും ആസ്ഥികളും ഒപ്പം ഭൗതിക സൗകര്യങ്ങളും വിലയിരുത്തിയാണ് പഠനം നടത്തിയത്. യു എസ് എ, ചൈന, ജാപ്പാന്‍, ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സൗത്ത് കൊറിയ, റഷ്യ, സ്‌പെയിന്‍, യു കെ, മെക്‌സികോ, ബ്രസീല്‍, കാനഡ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, സഊദി അറേബ്യ, മലേഷ്യ, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
താമസ, വാണിജ്യ സ്ഥാപനങ്ങള്‍ക്കായുള്ള കെട്ടിട സൗകര്യങ്ങള്‍, റോഡും റെയിലും വിമാനത്താവളവും ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍, പവര്‍ പ്ലാന്റുകള്‍, വാട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 30 രാജ്യങ്ങളുടെയും മൊത്തം നിര്‍മാണ മേഖലയിലെ ആസ്തി 193 ട്രില്ല്യണ്‍ യു എസ് ഡോളറാണ്. ആളോഹരി സമ്പത്തില്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ 12ാം സ്ഥാനമാണ് യു എ ഇക്കുള്ളത്.
1,22,809 ഡോളറാണ് ഓരോ വ്യക്തിയുടെയും ശരാശരി നിര്‍മാണപരമായ ആളോഹരി സമ്പത്ത്. 2011-2012 കാലഘട്ടത്തില്‍ 1.7 ശതമാനമാണ് ഇതിലുണ്ടായ വളര്‍ച്ച. ആഗോള റാങ്കിംഗില്‍ 12ാമതാണ് യു എ ഇയുടെ സ്ഥാനം. അടുത്ത വര്‍ഷങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെട്ട 30 രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇയായിരിക്കും ആളോഹരി സമ്പത്തില്‍ മുന്നിട്ടുനില്‍ക്കുക.
ഏഴു ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യത്ത് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. നിര്‍മാണപരമായ ആളോഹരി സമ്പത്ത് ഏറ്റവും കൂടുതല്‍ ഉള്ള ജനത സിംഗപ്പൂരാണ്. 1,56,000 ഡോളറാണ് സിംഗപ്പൂരിലെ ആളോഹരി നിര്‍മാണ സമ്പത്ത്. ചൈനയിലും ഇന്ത്യയിലും ഇത് 40,000 ഡോളര്‍ മാത്രമാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു എ ഇയുടെ സമ്പത്ത് വ്യവസ്ഥ കുറവായിരിക്കാമെങ്കിലും ചെറിയ ഒരു മേഖലയില്‍ ഇത്രയും അധികം നിര്‍മാണം നടക്കുന്നത്് പ്രാധാന്യമര്‍ഹിക്കുന്നതായി ഇ സി ഹാരിസ് കമ്പനിയുടെ മിഡില്‍ ഈസ്റ്റ് വിഭാഗത്തിലെ പ്രോപര്‍ട്ടി ആന്‍ഡ് സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ തലവന്‍ ടെറി തോംസണ്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അവര്‍ക്ക് ഇവയുടെ അറ്റകുറ്റ പണിക്കായി കുറച്ച് പണം മാത്രമേ ആവശ്യമായി വരൂ. എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളുടെ സ്ഥിതി അതല്ല. സാമ്പത്തിക അച്ചുതണ്ടില്‍ സംഭവിക്കുന്ന നിലവിലെ മാറ്റവും ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്.
കിഴക്കന്‍ രാജ്യങ്ങളില്‍ പലതും വന്‍ തുകയാണ് ഭൗതിക സാഹചര്യം വികസിപ്പിക്കല്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് വ്യവസ്ഥയിലേക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഒഴുകുന്ന പണം സാമ്പത്തിക രംഗത്ത് വന്‍ മാറ്റത്തിന് ഇടയാക്കും. ഇത് മേഖലയിലെ രാഷ്ട്രീയ അധിശത്വത്തിലും മാറ്റം വരുത്തിയേക്കാം.
അടുത്ത പതിറ്റാണ്ടില്‍ ഏഷ്യയിലും ആഫ്രിക്കയിലുമാവും വന്‍ സാമ്പത്തിക ഉയര്‍ച്ച പ്രകടമാവുക. മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കയിലുമായി 8.7 ട്രില്ല്യണ്‍ യൂ എസ് ഡോളറിന്റെ നിര്‍മാണങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.