Connect with us

Palakkad

ഇറച്ചിക്കോഴിയുടെ അടിസ്ഥാന വില ഉയര്‍ന്നാല്‍ അനധികൃത കടത്ത് കൂടിയേക്കും

Published

|

Last Updated

പാലക്കാട്: ഇറച്ചിക്കോഴിയുടെ അടിസ്ഥാന വില ഉയര്‍ന്നാല്‍ അനധികൃതമായി കടത്താന്‍ സാധ്യതയെന്ന് സൂചന. ഈ മാസം 29 മുതല്‍ ഇറച്ചിക്കോഴിയുടെ അടിസ്ഥാന വില 95 രൂപയാക്കി കണക്കാക്കിയാണ് നികുതി ഈടാക്കുന്നത്. നിലവില്‍ തന്നെ ഇറച്ചിക്കോഴി വില ഉയര്‍ന്നിട്ടുണ്ട്. നികുതി വര്‍ധിക്കുന്നതോടെ ഇത് വീണ്ടും ഉയരും.
ഇറച്ചിക്കോഴിക്ക് അടിസ്ഥാന വില 70 രൂപ കണക്കാക്കിയാണ് 14. 5% നികുതി ഈടാക്കിയിരുന്നത്. ഏകദേശം 10 രൂപയാണ് നികുതി ഈടാക്കിയത്. തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വില 70 രൂപയെക്കാള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ അടിസ്ഥാന വില ഉയര്‍ത്തുകയായിരുന്നു. 95 രൂപ അടിസ്ഥാന വില കണക്കാക്കിയാല്‍ 14 രൂപ നികുതി വരും. നികുതി ഉയരുന്നതോടെ അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ കള്ളക്കടത്ത് വര്‍ധിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ വാളയാര്‍ മുതല്‍ ഗോവിന്ദാപുരം വരെ മുപ്പതിലേറെ ഊടുവഴികളുണ്ട്. ഇതുവഴി കള്ളക്കടത്തു സജീവമാണ്. ഇറച്ചിക്കോഴിക്ക് നികുതി വര്‍ധിപ്പിച്ചതോടെ വാഹനങ്ങളുടെ എണ്ണം പെരുകും. എല്ലപ്പട്ടാന്‍കോവില്‍, നെടുമ്പാറ, നെല്ലിമേട്, ഗോവിന്ദാപുരം എന്നിവിടങ്ങളിലൂടെ ഇറച്ചിക്കോഴി കടത്ത് സജീവമായിട്ടുണ്ട്.
മിനി ലോറികളില്‍ അതിര്‍ത്തിവരെ എത്തിച്ചതിന് ശേഷം ഇരുചക്ര വാഹനങ്ങള്‍ വഴിയുള്ള കടത്തും സജീവമാകും. കള്ളക്കടത്തിലൂടെ സര്‍ക്കാറിന് പ്രതിദിനം ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് ഉണ്ടാകുന്നത്.