Connect with us

Palakkad

ഇന്ദിര ആവാസ് യോജന: എലപ്പുള്ളി പഞ്ചായത്തിലെ പദ്ധതി അവതാളത്തില്‍

Published

|

Last Updated

എലപ്പുള്ളി: പഞ്ചായത്തില്‍ ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി അവതാളത്തില്‍. വീട് അനുവദിച്ചു കിട്ടിയവര്‍ക്ക് തവണകള്‍ ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍. 22 വാര്‍ഡുകളില്‍ നിന്നായി 60 ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 27 ജനറല്‍ വിഭാഗവും 33 പട്ടികജാതി വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഓരോ ഗുണഭോക്താവിനും രണ്ട് ലക്ഷം രൂപയാണ് നിര്‍മാണത്തിന് നല്‍കുന്നത്. ഗ്രാമ പഞ്ചായത്ത് 19,000 രൂപയും ജില്ലാ പഞ്ചായത്ത് 19,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 38,500 രൂപയും കേന്ദ്രസര്‍ക്കാര്‍ 48,500 രൂപയും സംസ്ഥാന സര്‍ക്കാര്‍ 75,000 രൂപയുമാണ് വിഹിതമായെടുക്കുന്നത്. പദ്ധതിയിലുള്‍പ്പെട്ട ഒരാള്‍ക്ക് പോലും 50 ശതമാനത്തിന് മുകളില്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഇതില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള വിഹിതം വൈകുന്നതിനാലാണ് പദ്ധതി താളം തെറ്റിയെതെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
സംസ്ഥാന വിഹിതത്തിന്റെ 75,000 രൂപയില്‍ ഇതുവരെ എ സി വിഭാഗത്തിനുള്ള 13,000 രൂപയും ജനറല്‍ വിഭാഗത്തിനായി 43,400 രൂപയുമാണ് ആകെ ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വിഹിതവും ഭാഗികമായിട്ടേ നല്‍കിയിട്ടുവെന്നും പരാതിയുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം വായ്പയായി നല്‍കാന്‍ സഹകരണ ബേങ്കുകളോട് നിര്‍ദേശിച്ചിരുന്നെങ്കിലും ജില്ലാ ബേങ്കുള്‍പ്പെടെ പല ബേങ്കുകളും ഇതിനു തയ്യാറായില്ലെന്നാണ് സൂചന. വായ്പയായി നല്‍കുന്ന തുക സഹകരണബേങ്കുകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചടക്കുമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ വ്യക്തമായ ഉറപ്പ് നല്‍കാതെ വായ്പ അനുവദിക്കില്ലെന്നാണ് ബേങ്കുകളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ തവണകള്‍ മുടങ്ങിയത്. സ്വന്തമായി പണം മുടക്കിയോ വായ്പയെടുത്തോ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് പദ്ധതിയിലുള്‍പ്പെട്ട ഭൂരിഭാഗം പേരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയുടെ താളം തെറ്റിയതിനാല്‍ 60 പണി തീരാത്ത വീടുകളാണ് പഞ്ചായത്തിലുള്ളത്. ഇവരുടെ തവണകള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തില്‍ 64 ഗുണഭോക്താക്കളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനും ഇടയാക്കുകയാണ്.—

Latest