പ്രവാസികളെ കബളിപ്പിച്ച് 40 ലക്ഷവുമായി മംഗലാപുരം സ്വദേശിനി മുങ്ങി

Posted on: September 3, 2013 1:45 am | Last updated: September 3, 2013 at 1:45 am

മസ്‌കത്ത്: ഇന്ത്യക്കാരില്‍ നിന്നും ബിസിനസ് നിക്ഷേപം എന്ന പേരില്‍ ശേഖരിച്ച 40ലക്ഷത്തില്‍ പരം റിയാലുമായി മംഗലാപുരം സ്വദേശിനി മുങ്ങി. പണം നഷ്ടപ്പെട്ടവര്‍ പ്രതിയെ പിടികൂടുന്നതിനായി ഇന്റര്‍ പോളിനെ സമീപിക്കാനൊരുങ്ങുന്നു. ഒമാന്‍ പോലീസിലും കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, തങ്ങളുടെ പണവുമായി മുങ്ങിയ സ്ത്രീ സ്വന്തം നാട്ടില്‍ സുഖ ജീവിതം നയിക്കുകയാണെന്ന് പരാതിക്കാര്‍ പറഞ്ഞു.

മലയാളികളുള്‍പ്പെടെയുള്ള പ്രവാസി ബിസിനസുകാരില്‍ നിന്നായി 40 ലക്ഷത്തിനു മുകളില്‍ ഒമാന്‍ റിയാലാണ് ഇവര്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. ഒമാനില്‍ ആരംഭിക്കാനിരിക്കുന്ന വിവിധ പദ്ധതികളിലേക്കെന്ന വ്യാജേനയാണ് ലാഭത്തിന്റെ പെരുപ്പിച്ച കണക്കുമായി അവര്‍ നിക്ഷേപം സ്വീകരിച്ചത്. പദ്ധതികള്‍ക്ക് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രങ്ങളും വിശ്വാസ്യതക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വ്യാജമായി ഉണ്ടാക്കിയതായിരുന്നുവെന്ന് പിന്നീടാണ് കബളിപ്പിക്കപ്പെട്ടവര്‍ തിരിച്ചറിയുന്നത്.

മാന്യമായ സമീപനത്തിലൂടെ വിശ്വാസ്യത ജനിപ്പിച്ചാണ് തങ്ങളെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ അവര്‍ പ്രലോഭിപ്പിച്ചതെന്ന് പണം നഷ്ടപ്പെട്ട റൂവിയിലെ മലയാളി ബിസിനസുകാരന്‍ പറഞ്ഞു. അനുമതി ലഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു പണം വേണമെന്നാവശ്യപ്പെടുകയും പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. വ്യാജമായി നിര്‍മിച്ച മന്ത്രാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി കാണിച്ചതോടെ വിശ്വസിച്ചാണ് പലരും പണം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്ന തുക പലിശയായി നല്‍കി. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പണം നല്‍കുന്നതില്‍ വീഴ്ച വന്നപ്പോഴാണ് അന്വേഷണം നടത്തിയത്. ഇതോടെയാണ് വഞ്ചന ബോധ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ കൂടുതല്‍ നിക്ഷേപകര്‍ രംഗത്തു വരികയിയിരുന്നു. ഇവര്‍ ശേഖരിച്ച കണക്കനുസരിച്ച് 40 ലക്ഷം റിയാലിനു മുകളില്‍ തുക അവര്‍ കൈക്കലാക്കിയിട്ടുണ്ട്. ചര്‍ച്ച്, സ്‌കൂള്‍ മീറ്റിംഗുകളിലും മറ്റും പങ്കെടുത്താണ് അവര്‍ ആളുകളെ പരിചയപ്പെടുകയും വിശ്വാസ്യത ആര്‍ജിക്കുകയും ചെയ്തിരുന്നത്. പലരുടെയും കുടുംബങ്ങളുമായും ഇവര്‍ക്കു ബന്ധമുണ്ടായിരുന്നു.
റൂവിയിലെ ഒരു നിക്ഷേപകനും ഭാര്യയും നല്‍കിയ ഹരജിയില്‍ കോടതിയുടെ ഭാഗത്തുനിന്നും അനുകൂല വിധിയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതി നാടു വിട്ട സാഹചര്യത്തില്‍ അവരെ പിടികൂടുക പ്രധാനമാണെന്നതിനാല്‍ ഇന്റര്‍പോളിന്റെ ഇടപെടലുണ്ടാകാന്‍ കൂടുതല്‍ കേസുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇന്റര്‍പോളിനെ നേരിട്ടു സമീപിക്കുകയാണെന്ന് 78,000 റിയാല്‍ നഷ്ടപ്പെട്ട മറ്റൊരു നിക്ഷേകനും പറഞ്ഞു. ഒമാന്‍ പോലീസിന്റെ സഹായത്തോടെയാണ് ഇന്റര്‍പോളിനു പരാതി നല്‍കുക.
റൂവിയിലെ വിവിധ ബിസിനസുകാരില്‍ നിന്നും അരലക്ഷവും ഒരു ലക്ഷവും സ്വീകരിച്ചിട്ടുണ്ട്. ജോലിക്കാരും ചെറുകിട കച്ചവടക്കാരുമായ നിരവധി പേരില്‍ നിന്നും അയ്യായിരം, പതിനായിരം റിയാല്‍ വീതവും സ്വീകരിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ കേസുകള്‍ ഇപ്പോള്‍ കോടതിയിലാണ്. സംഭവത്തില്‍ മുങ്ങിയ സ്ത്രീയുടെ സ്‌പോണ്‍സറെ ചോദ്യം ചെയ്തിരുന്നു.