Connect with us

Kannur

ഒന്നാം വിളയില്‍ രണ്ട് ലക്ഷം ടണ്‍ നെല്ല് സംഭരിക്കാനായേക്കും

Published

|

Last Updated

കണ്ണൂര്‍: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഒന്നാം വിള നെല്‍ക്കൃഷിയില്‍ ഇക്കുറി വലിയ തോതില്‍ നെല്ല് സംഭരിക്കാനായേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കൃത്യമായ മഴയും ഇടവിട്ട വെയിലും തെളിഞ്ഞ കാലവസ്ഥയും അനുകൂല ഘടകങ്ങളായതിനാല്‍ ആദ്യവിളയില്‍ തന്നെ സംസ്ഥാനത്ത് നെല്ലുത്പാദനത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ നെല്ല് സംഭരണത്തിന്റെ ആദ്യ സീസണായ സെപ്തംബറില്‍ നെല്ല് നല്‍കുന്നതിന് തയ്യാറായ കര്‍ഷകരുടെ എണ്ണത്തിലെ റിക്കാര്‍ഡ് വര്‍ധനവും ഈ വര്‍ഷത്തെ മികച്ച വിളവിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധമാണ് കര്‍ഷകര്‍ സപ്ലൈകോ വഴി നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെല്ലിന്റെ വില ഒരാഴ്ചക്കുള്ളില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതിനും അനുകൂല പ്രതികരണമാണ് ഇക്കുറി ലഭിച്ചത്.
കഴിഞ്ഞ ജൂലൈ 26ന് തുടങ്ങിയ നെല്ല് സംഭരണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ വരെ 31,000 കവിഞ്ഞതായാണ് സിവില്‍ സപ്ലൈസിന്റെ കണക്ക്. ഇതില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം 28,000 മാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ഒന്നാം വിള കൃഷിയുള്ളതും ഏറ്റവുമാദ്യം വിള കൊയ്യുന്നതും പാലക്കാട് ജില്ലയിലാണ്. കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളിലെ കൈപ്പാട് നിലങ്ങളില്‍ നിന്നും ചെറിയതോതില്‍ ഒന്നാം വിള കൊയ്‌തെടുക്കാറുണ്ട്. ആദ്യ സീസണിലെ നെല്ലുത്പാദനത്തില്‍ കാര്യമായി പങ്ക് വഹിക്കുന്ന കുട്ടനാട്ടില്‍ നിന്ന് ഇക്കുറി കാര്യമായ തോതില്‍ നെല്ലുണ്ടാകില്ലെന്നതും പ്രത്യേകതയാണ്. കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ നെല്ല് ലഭിക്കുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തവണ വിളയില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളിലെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഔദ്യോഗിക കണക്കു പ്രകാരം 67,500 ഹെക്ടറിലധികം പ്രദേശത്തെ കൃഷി നശിച്ചതായാണ് വിലയിരുത്തിയിരുന്നത്. പാലക്കാട്ട് 7,583, വയനാട്ടില്‍ 14,829, കണ്ണൂരില്‍ 427, മലപ്പുറത്ത് 2,127 ഹെക്ടര്‍ എന്നിങ്ങനെയാണ് രണ്ടാം വിളയിലെ മാത്രം കൃഷി നാശത്തിന്റെ കണക്ക്. ഒന്നാം വിള കൃഷിയില്‍ നിന്ന് ലഭിച്ച നെല്ലിന്റെ അളവ് മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവുമായിരുന്നു. ഓരോ ജില്ലയിലും 10 മുതല്‍ 20 വരെ ശതമാനമെങ്കിലും നഷ്ടമുണ്ടായി. കഴിഞ്ഞ തവണത്തെ ആദ്യ സീസണില്‍ 19,000 കര്‍ഷകര്‍ മാത്രമാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്നാം വിളയില്‍ 88,000 ടണ്‍ നെല്ല് മാത്രമേ പാലക്കാട്ടു നിന്നും ലഭിച്ചിരുന്നുള്ളൂ.
ഇത്തവണ ഇതുവരെയുള്ള കര്‍ഷക രജിസ്‌ട്രേഷനും മറ്റും വെച്ച് നോക്കുമ്പോള്‍ രണ്ട് ലക്ഷം ടണ്ണിലധികം നെല്ല് ആദ്യ സീസണില്‍ തന്നെ സംഭരിക്കാനാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 900 കോടി രൂപക്ക് ആറ് ലക്ഷം ടണ്ണാണ് സംസ്ഥാനത്ത് നിന്ന് സപ്ലൈകോ പ്രതിവര്‍ഷം സംഭരിക്കാറുള്ളത്. ഇതില്‍ ആദ്യ സീസണില്‍ സംസ്ഥാനത്ത് എല്ലായിടത്തു നിന്നുമായും 1.25 ലക്ഷം ടണ്‍ നെല്ല് ലഭിക്കും. സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചാലും കൃത്യമായി കര്‍ഷകര്‍ക്ക് സംഭരണ വില ലഭിക്കാത്തതു കൊണ്ട് പൊതു വിപണിയിലേക്കാണ് നെല്ല് എത്താറുള്ളത്. എന്നാല്‍ ഇപ്രാവശ്യം സംഭരണ വില 17 രൂപയായി നേരത്തെ തന്നെ പ്രഖ്യാപിക്കുകയും നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ കനറാ ബേങ്ക് വഴി പണം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയുമായിരുന്നു.
പുതിയ പദ്ധതി പ്രകാരം സപ്ലൈകോക്ക് നെല്ല് നല്‍കുന്ന കര്‍ഷകര്‍ വിത്ത് വിതച്ച് 30 മുതല്‍ 40 വരെ ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും കര്‍ഷകര്‍ക്ക് സ്വയം അപേക്ഷിക്കാനും സംവിധാനമൊരുക്കിയിരുന്നു. ഈ മാസം ആറ് മുതലാണ് നെല്ല് സംഭരണം ഔദ്യോഗികമായി തുടങ്ങുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര പഞ്ചായത്തിലാണ് ആദ്യ സീസണിലെ നെല്ല് സംഭരണത്തിന്റെ ഉദ്ഘാടനം നടക്കുക.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി