Connect with us

International

സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം സൈനിക നടപടി തന്നെ: അറബ് ലീഗ്

Published

|

Last Updated

ദമസ്‌കസ്: വിമതര്‍ക്കെതിരെ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന സിറിയക്കെതിരെ യു എന്നും അന്താരാഷ്ട്ര ശക്തികളും സൈനിക നടപടിയടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്ന് അറബ് ലീഗ്. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് അറബ് ലീഗ് നേതൃത്വം ഇക്കാര്യം അറിയിച്ചത്.
സിറിയക്കെതിരെ ആക്രമണം നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് അറബ് ലീഗിന്റെ പ്രസ്താവന. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സിറിയ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ യു എന്‍ സന്നദ്ധമാകണമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി നബീല്‍ ഫഹ്മി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ദമസ്‌കസിന് സമീപമുണ്ടായ രാസായുധ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നും അറബ് ലീഗ് നേതൃത്വം ആരോപിച്ചു. രാസായുധം പ്രയോഗിച്ച സാഹചര്യത്തില്‍ സിറിയന്‍ പ്രസിഡന്റിനും സൈനിക മേധാവികള്‍ക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കേസെടുക്കണമെന്നും അറബ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, വിദേശ ഇടപെടലിനെ ചില അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സിറിയക്കെതിരെ യു എസ് നടത്തിയ ആരോപണങ്ങളെ ശരിവെക്കുന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്.
സിറിയയില്‍ നടന്ന രാസായുധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് യു എസ് പ്രസിഡന്റ് ഒബാമയും പിന്നാലെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ആരോപിച്ചിരുന്നു. സിറിയന്‍ വിഷയത്തില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് അറബ് ലീഗ് സ്വീകരിക്കുന്നത്.