നഴ്‌സസ് അസോസിയേഷന്‍ വീണ്ടും സമരമുഖത്തേക്ക്

Posted on: September 3, 2013 5:46 am | Last updated: September 2, 2013 at 11:46 pm

കൊച്ചി: ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കരാറുകള്‍ നടപ്പാക്കാതെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ഹോസ്പ്പിറ്റല്‍ മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഏപ്രിലിലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ നാളിതുവരെ വര്‍ധന നടപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. ഐ ആര്‍ സിയിലൂടെ ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചതിലെ ദുരൂഹത അന്വേഷിക്കുക, ക്ലെയിം പെറ്റീഷന്‍ നടപടി പൂര്‍ത്തിയാക്കി ശമ്പള കുടിശ്ശിക നല്‍കുക, നഴ്‌സുമാരെ വഞ്ചിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തുക, ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം വേതനം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ നടപടികള്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളില്‍ ഒരു മാസത്തിനകം തീരുമാനമായില്ലെങ്കില്‍ സെക്രട്ടേറിയേറ്റു നടക്കല്‍ സമരം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ രൂപവത്കരിച്ച ഐ ആര്‍ സിയുടെ പ്രവര്‍ത്തനം ദൂരൂഹത നിറഞ്ഞതാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഓണ മാസമായിട്ടും ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചിട്ടില്ല.
108 ആംബുലന്‍സ് സമരത്തില്‍ ചില സംഘടനാ നേതാക്കള്‍ ഐ ആര്‍ സി യില്‍ ഉണ്ടാക്കിയ ശമ്പള കരാറില്‍ നിന്ന് 3000 രൂപയില്‍ താഴെയാണ് എഗ്രിമെന്റ് ഉണ്ടാക്കിയിരിക്കുന്നത്. ചില ലേബര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് ഇതെന്നും അവര്‍ ആരോപിച്ചു.
ലേബര്‍ മന്ത്രി, ലേബര്‍ കമ്മീഷണര്‍, മാനേജ്‌മെന്റ് അസോസിയേഷന്‍, പ്രമുഖ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഒന്നര വര്‍ഷത്തോളം ചര്‍ച്ചചെയ്താണ് കരാര്‍ ഉണ്ടാക്കിയത്. ഇതാണ് മാനേജ്‌മെന്റുകള്‍ പൂര്‍ണമായും ലംഘിച്ചിരിക്കുന്നത്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോതമംഗലം എം ബിഎം എം, തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട്, മെട്രൊ ആശുപത്രികള്‍ തുടങ്ങി നൂറിലധികം ആശുപത്രികള്‍ ഇതുവരെ മിനിമം വേതനം നല്‍കിയിട്ടില്ല. ഇതിനെതിരെ എഎല്‍ ഒ എടുത്ത ക്ലെയിം പെറ്റീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ മേലുദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനു പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനുശേഷം മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നാളിതുവരെ മീറ്റിങ്ങുകള്‍ വിളിച്ചിട്ടില്ല. ബെഡുകളുടെ എണ്ണം കണക്കാക്കി ശമ്പളം നിര്‍ണയിച്ചതോടെ ഒട്ടേറെ ബെഡുകള്‍ കുറച്ചു. വന്‍ ലാഭം നേടുന്ന സിംഗിള്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിള്‍ തുച്ഛമായ വേതനം നല്‍കിയാല്‍ മതി. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും അവര്‍ പറഞ്ഞു. ഐ എന്‍ എ സംസ്ഥാന പ്രസിഡന്റ് ജോമി ജേക്കബ്, മുഹമ്മദ് ഷിഹാബ്, ലിബിന്‍ തോമസ്, അമ്പിളി, സീമ പങ്കെടുത്തു.