പാക് തടവുകാരുടെ പട്ടിക കൈമാറി

Posted on: September 3, 2013 5:32 am | Last updated: September 2, 2013 at 11:32 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 386 പാക്കിസ്ഥാന്‍ തടവുകാരുടെ വിവരങ്ങള്‍ പാക് ഹൈക്കമ്മീഷന് കൈമാറി. അതേസമയം, വിദേശകാര്യ മന്ത്രാലയത്തിന്റെയും ഹൈക്കമ്മീഷന്റെയും സന്നദ്ധ സഘടനകളുടെയും തടവുകാരുടെ ബന്ധുക്കളുടെയും കണക്ക് പ്രകാരം 485 തടവുകാരുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.

പട്ടികയില്‍ വന്ന പിഴവ് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുമായി പാക് ഹൈക്കമ്മീഷന്‍ ചര്‍ച്ച നടത്തും. ശിക്ഷാ കാലാവധി കഴിഞ്ഞ 30 പാക് തടവുകാര്‍ ഇപ്പോഴും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പാക് ഹൈക്കമ്മീഷന്‍ അറിയിച്ചു. 79,012 പാക് പൗരന്‍മാര്‍ വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.