വ്യാജ കൈത്തറി ഉത്പന്നങ്ങള്‍

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 10:34 pm

SIRAJ.......കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കൈത്തറി മേഖല. പരുത്തിയുടെ ലഭ്യതക്കുറവ്, വില വര്‍ധന, തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, റിബേറ്റ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പുറമെ വ്യാജ വസ്ത്രങ്ങളുടെ കടന്നുവരവും മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു. കൈത്തറി വസ്ത്രങ്ങളെന്ന വ്യാജേന പവര്‍ലൂം ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന പ്രവണത അടുത്ത കാലത്തായി സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ഓണക്കാലത്ത് മാത്രം കൈത്തറിയുടെ പേരില്‍ 5000 കോടി രൂപയുടെ പവര്‍ലൂം തുണിത്തരങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. യഥാര്‍ഥ കൈത്തറിയുടെ വില്‍പ്പനയെ ഇത് സാരമായി ബാധിക്കുന്നു. കൈത്തറി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവ് ലക്ഷ്യമാക്കിയാണ് വ്യാജന്മാരുടെ വരവ്. സംസ്ഥാനത്തിന് ഇതുമുലം കോടികളുടെ നികുതി നഷ്ടമാണുണ്ടാകുന്നത്. കൈത്തറി തുണിത്തരങ്ങളേക്കാള്‍ കുറഞ്ഞ വിലക്ക് വിപണനം നടത്താന്‍ സാധിക്കുന്ന പവര്‍ലൂം ഉത്പന്നങ്ങള്‍ക്ക് ഗുണം കുറവായതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന തെറ്റിദ്ധാരണക്കും ഇത് ഇടവരുത്തുന്നു.
കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ തൊഴിലാളികളുള്ള വ്യവസായമാണ് കൈത്തറി. 2005ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം 2 കോടി പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കേരളത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഈ മേഖലയിലുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യം മൂലം അവരുടെ എണ്ണം രണ്ട് ലക്ഷമായി ചുരുങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളില്‍ പകുതിയിലേറെയും പ്രവര്‍ത്തനരഹിതവുമായി. ഉത്പാദിപ്പിച്ച വസ്ത്രങ്ങള്‍ തന്നെ മില്ലുകളില്‍ കെട്ടിക്കിടക്കുകയാണ്. ഓണവിപണിയാണ് കൈത്തറി മേഖലയുടെ പ്രതീക്ഷ. വ്യാജന്മാരുടെ വരവ് വര്‍ധിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.
കേന്ദ്ര സര്‍ക്കാര്‍ കൈത്തറിയുടെ പുനരുദ്ധാരണത്തിനായി 2010ലെ ബജറ്റില്‍ 7000 കോടി നീക്കി വെക്കുകയും 2011 നവംബറില്‍ പുതിയൊരു പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ 15000 കൈത്തറി സഹകരണ സംഘങ്ങളെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം, അത് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ‘നബാര്‍ഡ്’ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ മുലം സംസ്ഥാനത്തെ ഭൂരിപക്ഷം സംഘങ്ങള്‍ക്കും ലഭിച്ചില്ല. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലാഭമുണ്ടാക്കിയ സംഘങ്ങള്‍ക്ക് മാത്രം സഹായമെന്നായിരുന്നു നബാര്‍ഡിന്റെ ആദ്യനിലപാട്. ഇതുപ്രകാരം ധനസഹായം നല്‍കാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ ഉത്പാദനത്തിന്റെ 70 ശതമാനം വില്‍പ്പനയുള്ള സംഘങ്ങള്‍ക്ക് നല്‍കാമെന്നായി. 42 സംഘങ്ങള്‍ക്ക് മാത്രമായിരുന്നു ഇതുപ്രകാരം സഹായത്തിന് അര്‍ഹത.
സംസ്ഥാനത്തെ നിലവിലുള്ള കൈത്തറി സംഘങ്ങളെയെങ്കിലും പിടിച്ചുനിര്‍ത്തണമെങ്കില്‍ വ്യാജ ഉത്പന്നങ്ങള്‍ തടയുകയും നബാര്‍ഡിന്റെ നിബന്ധനകളില്‍ കൂടുതല്‍ അയവ് വരുത്തുകയും വേണം. വ്യാജ തുണിത്തരങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്ത് ഹാന്‍ഡലൂം ഇന്‍സ്‌പെക്ടര്‍മാരുണ്ട്. അവരുടെ പരിശോധന കര്‍ശനമാക്കണം. ഇതോടൊപ്പം ഉത്സവ വേളകളില്‍ സംഘടിപ്പിക്കുന്ന കൈത്തറി വിപണന മേളകളില്‍ വിറ്റഴിക്കുന്നത് സംസ്ഥാനത്തെ അംഗീകൃത സംഘങ്ങളില്‍ നിന്നു ശേഖരിച്ച യഥാര്‍ഥ കൈത്തറി വസ്ത്രങ്ങള്‍ തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്.
കൈത്തറി മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതക്ക് അടിയന്തര പരിഹാരവും കാണണം. നേരത്തെ ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുന്ന നിരവധി മില്ലുകള്‍ സംസ്ഥാനത്തുണ്ടായിരുന്നെങ്കിലും ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിക്കയാണ്. തമിഴ്‌നാടിനെയാണ് സംസ്ഥാനത്തെ കൈത്തറിശാലകള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. പരുത്തിയുടെ വലവര്‍ധന, വൈദ്യുതി നിയന്ത്രണം തുടങ്ങിയ കാരണങ്ങളാല്‍ തമിഴ്‌നാട്ടില്‍ നൂല്‍ ഉത്പാദനം കുറയുകയും വില ഗണ്യമായി വര്‍ധിക്കുകയുമുണ്ടായി. കയറ്റുമതിയാണ് പ്രധാനമായും പരുത്തി വില ഉയര്‍ത്തുന്നത്. കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ ഇടക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പരുത്തിക്കയറ്റുമതി നിരോധിച്ചെങ്കിലും പരുത്തി കര്‍ഷകരുടെ സമ്മര്‍ദം മൂലം നിരോധം താമസിയാതെ എടുത്തുകളയുകയായിരുന്നു. കയറ്റുമതി നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ് കൈത്തറി ഉത്പാദകര്‍ക്ക് ന്യായവിലക്ക് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള വഴി.