പാചകവാതക സബ്‌സിഡി സംസ്ഥാനത്ത് പ്രാബല്യത്തില്‍

Posted on: September 2, 2013 7:13 am | Last updated: September 2, 2013 at 1:38 pm

gasതിരുവനന്തപുരം: പാചക വാതക സബ്‌സിഡി ബേങ്ക് മുഖേന ലഭിക്കുന്ന സംവിധാനം (ഡി ബി ടി) സംസ്ഥാന വ്യാപകമായി നിലവില്‍ വന്നു. ഇനി മുതല്‍ ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവരുടെ സബ്‌സിഡി തുക മുന്‍കൂറായി ബേങ്ക് അക്കൗണ്ടുകളിലെത്തും. ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നവംബര്‍ മുപ്പത് വരെ സബ്‌സിഡി നിരക്കില്‍ സിലിന്‍ഡര്‍ ലഭിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഇടപാടുകളും ബേങ്ക് അക്കൗണ്ട് വഴി മാത്രമാകും. അതേസമയം, പദ്ധതി സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. ഇതിനിടെ, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും അടുത്ത മാസം ഒന്ന് മുതല്‍ ഡി ബി ടിയുമായി ബന്ധിപ്പിക്കും.
അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ ഗ്യാസിന് ബുക്ക് ചെയ്യുമ്പോള്‍ തന്നെ സബ്‌സിഡി തുക മുന്‍കൂറായി ബേങ്ക് അക്കൗണ്ടിലെത്തും. സിലിന്‍ഡര്‍ കൈപ്പറ്റുമ്പോള്‍ മുഴുവന്‍ തുകയും ഡീലര്‍ക്ക് നല്‍കണം. രണ്ട് ദിവസം ബുക്കിംഗ് പൂര്‍ണമായി നിര്‍ത്തിവെച്ചാണ് ഗ്യാസ് ഏജന്‍സികള്‍ പുതിയ പദ്ധതിക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. സബ്‌സിഡി ലഭിക്കണമെങ്കില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന യു ഐ ഡി നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയാല്‍ മതിയാകും. സംസ്ഥാനത്ത് എണ്‍പത് ശതമാനത്തിലധികം പേര്‍ക്ക് യു െഎ ഡി നമ്പറും നാല്‍പ്പത് ശതമാനത്തിലധികം പേര്‍ക്ക് ആധാര്‍ കാര്‍ഡും ലഭിച്ചു കഴിഞ്ഞെന്നാണ് അധികൃതരുടെ വിശദീകരണം. ആധാര്‍ വഴി ബന്ധിപ്പിച്ച എല്ലാ എല്‍ പി ജി ഉപഭോക്താക്കള്‍ക്കും ആദ്യ സിലിന്‍ഡര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ സബ്‌സിഡി തുക 435 രൂപ അവരുടെ ബേങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാകും. സിലിന്‍ഡര്‍ ലഭിക്കുമ്പോള്‍ ഗ്യാസിന്റെ പൂര്‍ണവില ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. ഉപഭോക്താക്കള്‍ക്ക് ആദ്യ സിലിന്‍ഡര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ അവരുടെ അക്കൗണ്ടിലേക്ക് അടുത്ത സബ്‌സിഡി തുകയും ലഭ്യമാക്കും. കഴിഞ്ഞ ജൂലൈ മുതലാണ് പാചകവാതക സബ്‌സിഡി അക്കൗണ്ട് വഴി നല്‍കുന്ന പദ്ധതി തുടങ്ങിയത്. ആദ്യ ഘട്ടമായി സംസ്ഥാനത്ത് പത്തനംതിട്ടയിലും വയനാട്ടിലും പദ്ധതി നടപ്പാക്കിയിരുന്നു.
അക്കൗണ്ട് വഴി സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും പെട്രോളിയം മന്ത്രാലയം തന്നെ ഈ നിര്‍ദേശം തള്ളി. ആധാര്‍ എന്റോള്‍മെന്റ് ചെയ്തവരില്‍ ഭൂരിഭാഗം പേര്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ലെന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. പുതിയ പദ്ധതിയിലേക്ക് ചേരുന്നതിന്റെ ഭാഗമായി ഗ്യാസ് ഏജന്‍സികള്‍ ഫീസ് ഈടാക്കുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അഴിമതി കുറക്കുകയും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് സേവനം ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഡി ബി ടി സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. സബ്‌സിഡി തുക പാഴായിപ്പോകുന്ന അവസ്ഥ ഇതോടെ ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സബ്‌സിഡികള്‍, സ്റ്റൈപ്പന്‍ഡ്, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ക്ഷേമ പദ്ധതികള്‍ എന്നിവയുടെ തുകയെല്ലാം അക്കൗണ്ട് വഴി നല്‍കാനാണ് നീക്കം. ആദ്യ ഘട്ടം രാജ്യത്തെ 121 ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ജനുവരി ഒന്നിന് പതിനാറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 46 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ 78 ജില്ലകളെ കൂടി ഉള്‍പ്പെടുത്തി. അധികം താമസിയാതെ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഈ പദ്ധതി നിലവില്‍ വരും.
നിലവില്‍ ഡി ബി ടി വഴി 26 ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതില്‍ 17 സ്‌കോളര്‍ഷിപ്പുകളും ജനനി സുരക്ഷാ യോജന, എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനായി സ്റ്റൈപ്പന്‍ഡ് എന്നിവയും ഉള്‍പ്പെടും. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയും ഡി ബി ടി വഴിയാണ് നല്‍കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള തുകയും ഒക്‌ടോബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് വഴിയാക്കുകയാണ്.
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും വിവിധ പദ്ധതികളും അടുത്ത ഒന്ന് മുതല്‍ ഡി ബി ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തുകയാണ്. ഗുണഭോക്താക്കള്‍ക്ക് വിവിധ ക്ഷേമപദ്ധതികള്‍ വഴി ലഭിക്കുന്ന തുക ഡി ബി ടി വഴി പോസ്റ്റല്‍ അക്കൗണ്ടിലേക്കും മാറ്റാം.