പെട്രോള്‍ വിതരണത്തില്‍ നിയന്ത്രണം വരും

Posted on: September 1, 2013 12:52 pm | Last updated: September 2, 2013 at 7:18 am

petrol

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രമം. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പമ്പുകളുടെ പ്രവൃത്തി സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാക്കാനാണ് മന്ത്രാലയം ശിപാര്‍ശ ചെയ്യുന്നത്. ഹൈവേകളില്‍ ഇത് പ്രാബല്യത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രി എം വീരപ്പ മൊയ്‌ലി പറഞ്ഞു. ചെലവ് ചുരുക്കല്‍ നടപടികള്‍ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം തീരുമാനിക്കുന്നതില്‍ സര്‍ക്കാറിന് പങ്കില്ല. പമ്പുകളുടെ പ്രവര്‍ത്തന സമയം കുറക്കുന്നതിന് പിന്നാലെ പെട്രോള്‍ ഉത്പന്നങ്ങള്‍ ലാഭിക്കുന്നതിനായി ഈ മാസം പതിനാറ് മുതല്‍ പ്രധാന നഗരങ്ങളില്‍ ആറാഴ്ചത്തെ ബോധവത്കരണ ക്യാമ്പയിന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലന പദ്ധതികള്‍, മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം, തെരുവുകളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി പതിനാറായിരം കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ ഇറക്കുമതി കുറക്കുന്നത് വഴി ഈ സാമ്പത്തിക വര്‍ഷം 2,500 കോടി ഡോളര്‍ ലാഭിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്രോളിയം മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നത്. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നടപടികളടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് വീരപ്പ മൊയ്‌ലി കൈമാറിയിട്ടുണ്ട്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് എണ്ണ മന്ത്രാലയം പ്രധാനമന്ത്രിക്ക് കൈമാറിയത്.
ഡോളിറിനെതിരെ രൂപയുടെ മൂല്യം കുറയുകയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പെട്രോള്‍ വില ഞായറാഴ്ച മുതല്‍ 2.35 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഡീസല്‍ വില അഞ്ച് രൂപ വരെ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം എണ്ണ മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം ഈ ആവശ്യം മന്ത്രിസഭ അംഗീകരിച്ചേക്കുമെന്നാണ് കരുതുന്നത്.
പാചക വാതക സിലിന്‍ഡറിന്റെ വില പ്രതിമാസം പത്ത് രൂപ വീതമോ 25 രൂപ വീതം ത്രൈമാസത്തിലോ വര്‍ധിപ്പിക്കണമെന്ന ആവശ്യവും എണ്ണ മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്.