Connect with us

Malappuram

ഡ്വാര്‍ഫ് ഗെയിംസ് ജേതാക്കളെ സര്‍ക്കാര്‍ അവഗണിച്ചു

Published

|

Last Updated

വണ്ടൂര്‍: ഇന്ന് ദേശീയ കായിക ദിനം. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ ജന്മദിനം രാഷ്ട്രം കായിക ഉന്നമനത്തിനും പ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരാനുള്ള ദിവസമാക്കി നീക്കി വെച്ചിരിക്കുകയാണ്. എന്നാല്‍, നമ്മുടെ കായിക മേലധികാരികള്‍ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്തുന്ന കായിക താരങ്ങളെ കണ്ണ് തുറന്ന് കാണുന്നുണ്ടോ ? ഇല്ലെന്ന് നിസംശയം പറയാം. ഉയരം കുറഞ്ഞവര്‍ക്കായുള്ള ലോക ഡ്വാര്‍ഫ് ഗെയിംസില്‍ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തിയ മൂവര്‍ സംഘത്തിന്റെ സ്ഥിതിയെന്താണ്. ഇന്ത്യക്ക് അഭിമാനിക്കാവുന്ന തരത്തില്‍ മെഡലുകള്‍ വാരിയ ഈ താരങ്ങളെ നമ്മുടെ സര്‍ക്കാറുകള്‍ മറന്നുപോയി. വിജയം കൊയ്ത് നാട്ടിലെത്തിയപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു സ്വീകരണവും ഇതുവരെ നല്‍കിയിട്ടില്ല. മാത്രമല്ല സ്വന്തം മണ്ഡലത്തിലെ എം എല്‍ എ പോലും ഒന്നുവിളിച്ചില്ലെന്ന് മത്സരത്തില്‍ പങ്കെടുത്ത മേലാറ്റൂര്‍ സ്വദേശി ആകാശ് എസ് മാധവന്‍ പറഞ്ഞു.

അമേരിക്കയിലെ മിഷിഗനില്‍ നടന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്‌കസില്‍ വെങ്കലവും നേടിയാണ് ആകാശ് എന്ന ഓട്ടമൊബൈല്‍ എന്‍ജിനീയര്‍ ഇന്ത്യയുടെ മിന്നുംതാരമായത്. കുഞ്ഞന്‍മാരുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന ഡ്വാര്‍ഫ് ഗെയിംസില്‍ ഏഴ് സ്വര്‍ണവും ആറു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് ഇവര്‍ രാജ്യത്തിന്റെ അഭിമാനമായത്.
ഒളിമ്പിക്‌സില്‍ ഒന്നോ രണ്ടോ സ്വര്‍ണം മാത്രമാണ് ഇന്ത്യക്ക് ലഭിക്കാറുള്ളത്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ വലിയ നേട്ടം തന്നെയാണ് ഇവര്‍ ഇന്ത്യക്ക് നേടിത്തന്നത്. അമേരിക്കയില്‍ തങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തിന്റെ പാതിപോലും തന്റെ രാജ്യത്തുനിന്ന് കിട്ടിയില്ലെന്ന് ആകാശ് പറഞ്ഞു. മിഷിഗണിലേക്ക് പോയ യാത്രാചെലവ് പോലും ഇതുവരെ ലഭിച്ചില്ല. രണ്ട് ലക്ഷം രൂപയാണ്് യാത്രക്ക് ചെലവ് വന്നത്. ആദര്‍ശ് ഉള്‍പ്പടെ കേരളത്തില്‍ നിന്ന് ആകെ മൂന്ന് പേരാണ് പങ്കെടുത്തത്. പലരും കടം വാങ്ങിയാണ് ഈ മത്സരത്തിന് പോയത്. മറ്റു രാജ്യങ്ങളിലെ ടീമിനോടൊപ്പം ഓരോ ഇനത്തിനും പരിശീലകരും മെഡിക്കല്‍ പ്രതിനിധികളുമുണ്ടായിരുന്നു. എന്നാല്‍ തങ്ങളോടൊപ്പം ആകെ ഒരു പരിശീലകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരുക്കുപറ്റിയാല്‍ ഓടിയെത്താന്‍ ഒരു ഡോക്ടറും കൂടെ ഉണ്ടായിരുന്നില്ല. അതെസമയം ഉയരത്തിന്റെയും ശരീരത്തിന്റെയും പരിമിതികളെ ചവിട്ടിത്താഴ്ത്തി നാട്ടിലെത്തിയപ്പോള്‍ തന്റെ നാടായ മേലാറ്റൂരിലെയും പരിസരത്തെയും ജനങ്ങള്‍ നല്‍കിയ സ്വീകരണത്തിന് മുന്നില്‍ എല്ലാ അവഗണനയും മറന്നു. മറ്റുള്ളവര്‍ അംഗീകരിച്ചില്ലെങ്കിലും തന്റെ നാട് അംഗീകരിച്ചല്ലോ എന്നാശ്വസിക്കുകയാണ് ആകാശ്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സേതുമാധവന്റെയും ഗീതയുടെയും മകനായ ആകാശിന് ഇതു സ്വപ്‌ന നേട്ടമാണ്. ജനിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് ആകാശിന് ഉയരം വെക്കില്ലെന്ന സത്യം മാതാപിതാക്കള്‍ അറിഞ്ഞത്. അപൂര്‍വ രോഗത്തെ മറികടക്കാന്‍ ഏറെ നാള്‍ ചികില്‍സ നടത്തി. നിരവധി ഡോക്ടര്‍മാരെ കണ്ടു. പലവിധ മരുന്നുകളും പരീക്ഷിച്ചു, ഫലമുണ്ടായില്ല. പക്ഷേ, ആകാശിന്റെ മനക്കരുത്ത് അപാരമായിരുന്നു. ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോകൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന പുസ്തകമാണ് തനിക്ക് ഏറെ പ്രചോദനമായതെന്ന് ആദര്‍ശ് പറഞ്ഞു. തീവ്രമായ ആഗ്രഹം നിങ്ങളിലുണ്ടെങ്കില്‍ ആഗ്രഹം സഫലമാക്കാന്‍ ദൈവവും പ്രപഞ്ചവുമെല്ലാം നമ്മുടെ കൂടെയുണ്ടാകുമെന്ന ആല്‍ക്കമിസ്്റ്റിലെ വാചകമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് പറയാനും ആകാശ് മറന്നില്ല. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതോടെ ആദര്‍ശ് സ്വീകരണത്തിരക്കിലാണ്. അതെസമയം ഈ മാസം അവസാനം ട്രിച്ചിയില്‍ നടക്കുന്ന ദേശീയ ഡ്വാര്‍ഫ് ഗെയിംസിലെ ബാഡ്മിന്റണ്‍ ഇനത്തില്‍ മത്സരിക്കാനുള്ള തീവ്രപരിശീലനത്തിലാണ് ആകാശ്.