ഊട്ടി നഗരസഭ വൈദ്യുതി ബോര്‍ഡിലേക്ക് അടക്കാനുള്ളത് ഒരു കോടി

Posted on: August 29, 2013 8:35 am | Last updated: August 29, 2013 at 8:35 am
SHARE

ഗൂഡല്ലൂര്‍: ഊട്ടി നഗരസഭ വൈദ്യുതി ബോര്‍ഡിലേക്ക് അടക്കാനുള്ളത് ഒരു കോടി രൂപ. പ്രസ്തുത തുക ഉടന്‍ അടച്ചിട്ടില്ലെങ്കില്‍ നഗരസഭയുടെ വൈദ്യുതി കണക്ഷന്‍ റദ്ദാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരസഭയില്‍ 36 വാര്‍ഡുകളാണുള്ളത്.

ഒരു ലക്ഷം ജനങ്ങളാണ് നഗരസഭയില്‍ അതിവസിക്കുന്നത്. മാസാമാസം നഗരസഭ 65 ലക്ഷം രൂപയാണ് വൈദ്യുതി ബോര്‍ഡിലേക്ക് അടക്കേണ്ടത്. എന്നാല്‍ 20 വര്‍ഷമായി കുറച്ച് പണം മാത്രമാണ് അടക്കുന്നത്. ഇത്കാരണമാണ് വലിയ സംഖ്യ അടക്കേണ്ടതായി വന്നത്. ഞെട്ടിക്കുന്ന വിവരം ഇന്നലെ നടന്ന നഗരസഭാ ബോര്‍ഡ് യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സത്യഭാമ കൗണ്‍സിലര്‍മാരെ അറിയിക്കുകയായിരുന്നു.
വാര്‍ഡുകളില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് യോഗം ആരംഭിച്ചയുടന്‍ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് ചെയര്‍പേഴ്‌സണ്‍ ഈ വിവരം അറിയിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അല്‍പം സാവകാശം വേണമെന്നും വൈദ്യുതി ബോര്‍ഡിലേക്ക് അടക്കേണ്ട പണം ഉടനെ അടച്ചിട്ടില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ റദ്ദാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി നഗരത്തില്‍ വൈദ്യുതി റദ്ദാക്കിയാല്‍ അത് വലിയ പ്രതിസന്ധിയാകും.