രൂപയുടെ നില മെച്ചപ്പെടുത്തുന്നു

Posted on: August 29, 2013 7:48 am | Last updated: August 29, 2013 at 6:47 pm
SHARE

*മൂല്യം 75 ലേക്ക് ഇടിഞ്ഞേക്കും 

*സിറിയന്‍ പ്രതിസന്ധിയും കാരണമായി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ നേരിയ ഉണര്‍വ്. രണ്ടു രൂപയുടെ വ്യത്യാസമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 66.92 ആണ് ഡോളറിനെതിരെ രൂപയുടെ പുതിയ മൂല്യം. 67.20-നാണ് ഇന്ന് വിനിമയം ആരംഭിച്ചത്. 68.80 ആയിരുന്നു ബുധനാഴ്ചത്തെ ക്ലോസിംഗ് മൂല്യം. എന്നാല്‍ ഇത് സ്ഥിരമായ ഒരു മാറ്റമാകാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഹരി വിപണിയിലും നേരിയ ഉണര്‍വ് രേഖപ്പെടുത്തി സെന്‍സെക്‌സ് 100 പോയിന്റും നിഫ്റ്റി പോയിന്റും ഉയര്‍ന്നു.

കടുത്ത നടപടികളിലേക്ക് നീങ്ങിയെങ്കില്‍ മാത്രമേ രൂപയെ അന്താരാഷ്ട്ര സമ്മര്‍ദത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനാകൂ എന്ന സൂചനയാണ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണങ്ങള്‍ നല്‍കുന്നത്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും വിപണി ഇത് വിശ്വാസത്തിലെടുക്കുന്നില്ല.

ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം68. 80ലേക്ക് താഴ്ന്നിരുന്നു. ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായിരുന്നു. ചൊവ്വാഴ്ച 66.24ല്‍ ആയിരുന്നു വ്യാപാരം അവസാനിച്ചതെങ്കില്‍ ഇന്നലെ രാവിലെ നഷ്ടത്തില്‍ തന്നെയായിരുന്നു വ്യാപാരം ആരംഭിച്ചത്. ഇന്നലെ മാത്രം നഷ്ടം 256 പൈസയാണ്. ഒരു ദിവസത്തെ റെക്കോര്‍ഡ് ഇടിവാണിത്. ഡോളറിനെതിരെ മാത്രമല്ല ബ്രിട്ടീഷ് പൗണ്ട്, യൂറോ, സ്വിസ്സ് ഫ്രാങ്ക് തുടങ്ങിയ മിക്ക കറന്‍സികളുമായും രൂപയുടെ മൂല്യം കൂപ്പ് കുത്തുകയാണ്. പൗണ്ടിനെതിരെ രൂപയുടെ മൂല്യം 100 രൂപയെന്ന നിര്‍ണായക നിലവാരം നേരത്തേ കടന്നിരുന്നു. ഇന്നലെ അത് 106 കടന്നു. യൂറോക്കെതിരെ മൂല്യം 92 ആണ്. സ്വിസ്സ് ഫ്രാങ്കിനെതിരെ മൂല്യം 75 തൊട്ടു. കനേഡിയന്‍ ഡോളറിന് 65 രൂപ എന്ന നിലയിലേക്ക് താഴ്ന്നു. ആസ്‌ത്രേലിയന്‍ ഡോളറിനെതിരെ 60 രൂപയാണ് മൂല്യം. താരതമ്യേന സുരക്ഷിത നിലയിലായിരുന്ന ന്യൂസിലാന്‍ഡ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, ബ്രൂണിയന്‍ ഡോളര്‍, ലിബിയന്‍ ദിനാര്‍ എന്നിവക്കെതിരായ മൂല്യവും 50 എന്ന നിലവാരം കടന്നിരിക്കുകയാണ്. കുവൈത്തി ദിനാര്‍ 240 രൂപ, ബഹ്‌റൈനി ദിനാര്‍ 180 രൂപ, ഒമാനി റിയാല്‍ 175 രൂപ എന്നിങ്ങനെയാണ് ഇന്നലെ വ്യാപാരം നടന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ചക്കും ഓഹരി വിപണിയിലെ തകര്‍ച്ചക്കും അഞ്ച് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമതായി അമേരിക്ക രക്ഷാ പാക്കേജ് പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തക്ക് പിറകേ സംഭവിച്ച വിപണി പിന്‍മടക്കം. ഇതോടെ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിച്ച വിദേശ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ഓഹരികള്‍ പിന്‍വലിക്കാന്‍ തുടങ്ങി. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ ഡിമാന്‍ഡ് ചെയ്യുന്നത് തുടരുന്നു എന്നതാണ് രണ്ടാമത്തെ കാരണം. ആര്‍ ബി ഐ ഡോളര്‍ വിറ്റഴിക്കുന്നത് തുടരുന്നുണ്ടെങ്കിലും വിപണിയിലെ ആവശ്യകതയെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനും മറ്റും സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളും ഫലം കണ്ടിട്ടില്ല. രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് ഭീതിയാണ് മറ്റൊരു കാരണം. വിപണിയില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ ഭ്രാന്തമായ ഓഹരി വിറ്റഴിക്കല്‍ നടക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ സാമ്പത്തിക കമ്മി ഇനിയും രൂക്ഷമാകുമെന്ന ഭീതിയും വിപണിയില്‍ പ്രചരിക്കുന്നുണ്ട്. സിറിയയില്‍ അമേരിക്കയും ബ്രിട്ടനും സൈനിക നടപടി തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ എണ്ണ വില കുതിച്ചുയരുന്നതിന് വഴിവെക്കുന്നുവെന്നതാണ് മറ്റൊരു കാരണം.
അതിനിടെ, ഇന്ത്യയടക്കമുള്ള കറന്റ് അക്കൗണ്ട് കമ്മി രൂക്ഷമായ സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് പ്രമുഖ ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മുന്നറിയിപ്പ് നല്‍കി. മുന്നോട്ടുള്ള വഴി കൂടുതല്‍ ദുഷ്‌കരമായിരിക്കും. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയെയും ഇന്തോനേഷ്യയെയും ആയിരിക്കും പ്രതിസന്ധി രൂക്ഷമായി പിടികൂടുക. പക്ഷേ, ഇത് ഒരു ഏഷ്യന്‍ പ്രതിഭാസമായി വിലയിരുത്താനാകില്ല- എസ് ആന്‍ഡ് പി ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. നിലവിലെസാഹചര്യം മറികടക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാറോ കേന്ദ്ര ബേങ്കോ കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.