Connect with us

Malappuram

തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഷിക മേഖലകളെ കൂടി ഉള്‍പെടുത്താന്‍ നിര്‍ദേശം

Published

|

Last Updated

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയടക്കം കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്ന് തൊഴിലുറപ്പ് പദ്ധതി പ്രശ്‌നങ്ങള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച കമ്മിറ്റി ചെയര്‍മാന്‍ എം മുരളി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിംഗില്‍ പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ കൃഷിയെ നെഗറ്റീവ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് കൃഷിയെ തൊഴിലുറപ്പില്‍ നിന്നുമാറ്റി നിര്‍ത്തുന്നത് തൊഴിലുറപ്പ് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് സിറ്റിംഗില്‍ അഭിപ്രായമുയര്‍ന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നതിന് ചെറിയ കാലതാമസം വരുന്നുണ്ട് ഇത് പരിഹരിക്കാന്‍ “ഇ-മെഷര്‍മെന്റ്” സംവിധാനം നടപ്പിലാക്കും. ബ്ലോക്ക് – പഞ്ചായത്ത് തലത്തില്‍ പ്രത്യേക എഞ്ചിനീയറിങ് യൂനിറ്റും ഉദ്യോഗസ്ഥ സംവിധാനവും കൊണ്ടു വരണമെന്നും ശുപാര്‍ശ ചെയ്യും.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന് ബ്ലോക്കുകളില്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രം സ്ഥാപിക്കുന്ന നടപടി ത്വരിതപ്പെടുത്തും. പഞ്ചായത്തുകള്‍ക്കുള്ള പ്ലാനിംഗ് ഫണ്ടിനെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും. ഇത് വഴി പഞ്ചായത്തുകള്‍ക്കുള്ള പ്ലാന്‍ ഫണ്ട് ലഭിക്കുകയും വിവിധ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്യും.
തൊഴിലുറപ്പ് പദ്ധതിയില്‍ ഫണ്ടിന്റെ 50ശതമാനം പഞ്ചായത്തും 30ശതമാനം ബ്ലോക്കും 20ശതമാനം ജില്ലാ പഞ്ചായത്തുമാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ നിലവില്‍ മുഴുവന്‍ ഫണ്ടുകളും പഞ്ചായത്തുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്നും യോഗം വിലയിരുത്തി. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാലിന്യ നിര്‍മാജന പ്രവര്‍ത്തനത്തെ കംപോസ്റ്റ് സംവിധാനം നിര്‍മിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ സാധിക്കും.
തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷാ പദ്ധതിയും പരസ്പരം യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിക്കും. ക്ഷീര കര്‍ഷകര്‍ തീറ്റപ്പുല്ലുകള്‍ കൃഷിചെയ്യുന്നതടക്കമുള്ളവ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആദിവാസി മേഖലകളില്‍ അവര്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ ക്കുുറിച്ചുള്ള റിപ്പോര്‍ട്ടും സര്‍ക്കാറിന് സമര്‍പ്പിക്കും.
തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ചുള്ള കൈപുസ്തകം പ്രസിദ്ധീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളകറ്റാന്‍ ഇത് സഹായകമാവും. സമിതിയംഗങ്ങളായ ജില്ലാമിഷന്‍ ഡയറക്ടര്‍ എന്‍ അശോക് കുമാര്‍ , എം.സി മുഹമ്മദലി, എ.പി ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസി യേഷന്‍ ജില്ലാസെക്രട്ടറി എം അബ്ദുള്ളക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ റസാഖ്, സെക്രട്ടറി ജയദേവന്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.പി ഹൈദരാലി,തൊഴിലുറപ്പ് പദ്ധതി പ്രൊജക്റ്റ് ഡയറക്റ്റര്‍ ഡി.ഡി. ഫിലിപ്പ്. എന്നിവര്‍ പങ്കെടുത്തു.

Latest