വനം വകുപ്പിന്റെ വിലക്ക്: വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാമ്പസില്‍ 81.32 കോടിയുടെ പ്രവൃത്തികള്‍ മുടങ്ങും

Posted on: August 23, 2013 7:52 am | Last updated: August 23, 2013 at 7:52 am
SHARE

കല്‍പറ്റ: നിര്‍മാണങ്ങള്‍ക്ക് വനം വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ 81.23 കോടി രൂപയുടെ പ്രവൃത്തികള്‍ മുടങ്ങുന്നതിനു കാരണമാകും. യഥാക്രമം 19.54-ഉം 10.02-ഉം കോടി രൂപ അടങ്കലുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകള്‍, ഗേള്‍സ് ഹോസ്റ്റല്‍(7.25 കോടി), ഗ്രാജ്വേറ്റ് ഹോസ്റ്റല്‍(2.19 കോടി), ഇന്‍ര്‍നാഷണല്‍ ഗസ്റ്റ് ഹൗസ്(3.78 കോടി), സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്(9.07 കോടി), പൂക്കോട് ഓഗ്‌മെന്റേഷന്‍ ഓഫ് ഇലക്ട്രിസിറ്റി ഫെസിലിറ്റീസ്(രണ്ട് കോടി), ജനറല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്(24.75 കോടി), ആര്‍ ആന്‍ഡ് പി സെന്റര്‍ ഫോര്‍ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ്(1.75 കോടി), ഇന്‍സ്ട്രക്ഷന്‍ ഫാം(ഒരു കോടി) എന്നിവയുടെ പ്രവൃത്തിയാണ് മുടങ്ങുക. ഇവയുടെ നിര്‍മാണച്ചുമതല ഏറ്റെടുത്ത പൊതുമേഖലാസ്ഥാപനമായ ബി എസ്എന്‍ എല്‍ മണ്ണുപരിശോധന നടത്തി പ്രവൃത്തി തുടങ്ങാനിരിക്കെയാണ് വനം വകുപ്പിന്റെ വിലക്കെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ കെ പി ശ്രീകുമാര്‍ പറഞ്ഞു. നിര്‍മാണങ്ങള്‍ക്ക് വനം വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിനു ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സര്‍വകലാശാലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി.മോഹനന്‍, വയനാട് എം.പി. എം.ഐ.ഷാനവാസ്, കല്‍പറ്റ എം.എല്‍.എ. എം.വി.ശ്രേയാംസ്‌കുമാര്‍, ജില്ലാ കലക്ടര്‍ കെ.ജി.രാജു എന്നിവര്‍ക്ക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി. അശോക് കത്ത് നല്‍കിയതായി രജിസ്ട്രാര്‍ വെളിപ്പെടുത്തി. നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ സര്‍വകലാശാലാ ആസ്ഥാനം പൂക്കോടുനിന്നു മാറ്റേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട്ടിലെ വൈത്തിരിക്ക് സമീപമാണ് പൂക്കോട്. കേരള കാര്‍ഷിക സര്‍വകലാശാല കൈമാറിയ 100 ഏക്കറിലാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയയന്‍സ് യൂണിവേഴ്‌സിറ്റി ആസ്ഥാനവും വെറ്ററിനറി കോളേജും. ഇവിടെ കേന്ദ്ര-സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടത്താനിരുന്ന പ്രവൃത്തികള്‍ക്കാണ് വനം വകുപ്പിന്റെ വിലക്ക് വിനയായത്. പൂക്കോട് സര്‍വകലാശാലയുടെ കൈവശത്തിലുള്ള ഭൂമിയിലെ മുഴുവന്‍ നിര്‍മാണങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ധനേഷ്‌കുമാറിന്റെ കത്ത് ഓഗസ്റ്റ് 19നാണ് രജിസ്ട്രാര്‍ക്ക് ലഭിച്ചത്. അന്നു രാവിലെ ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റ ഫോറസ്റ്റ് റെയ്ഞ്ച് സ്റ്റാഫ് നടത്തിയ അന്വേഷണത്തില്‍ പൂക്കോട് മലവാരത്തില്‍ സര്‍വകലാശാല നിര്‍മാണങ്ങള്‍ നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതായും കത്തിലുണ്ട്.
സര്‍വകലാശാല നടത്തുന്ന നിര്‍മാണങ്ങള്‍ പൂക്കോട് മലവാരത്തിന്റെ നിലനില്‍പിനു ഭീഷണിയാണെന്നും ഇതിനകം നടന്ന പ്രവൃത്തികള്‍ മലവാരത്തില്‍ ഉത്ഭവിക്കുന്ന നീരുറവകളുടെയും സസ്യ-ജന്തു സമ്പത്തിന്റെയും നാശത്തിനും കാരണമായെന്നും ഡി എഫ് ഒയുടെ കത്തില്‍ പറയുന്നു.
പാരിസ്ഥിതിക പ്രാധാന്യമുള്ള പൂക്കോട് മലവാരത്തില്‍ നിര്‍മാണങ്ങള്‍ പാടില്ലെന്ന് പൊതുതാത്പര്യ ഹര്‍ജികളില്‍ 2006 ജനുവരി 31നും 2013 ഓഗസ്റ്റ് മൂന്നിനും ഹൈക്കോടതി ഉത്തരവായിരുന്നു. നിര്‍മാണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വനം വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും കോടതി ചുമതലപ്പെടുത്തുകയുമുണ്ടായി. പരിസ്ഥിതി തകര്‍ച്ചക്ക് കാരണമാകുന്ന നിര്‍മാണങ്ങള്‍ പൂക്കോട് മലവാരത്തില്‍ അനുവദിക്കരുതെന്ന് 2012 ഡിസംബര്‍ 22ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂക്കോട് ഡയറി പ്രൊജക്ടിന്റെ ഭാഗമായിരുന്ന ഭൂമിയാണ് വെറ്ററിനറി സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. ഈ ഭൂമി ഇതുവരെ ഡീ റിസര്‍വ് ചെയ്തിട്ടില്ല. റിസര്‍വ് സ്റ്റാറ്റസുള്ള ഭൂമിയില്‍ നിര്‍മാണങ്ങള്‍ നടത്തുന്നതിനു 1980ലെ വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഇക്കാര്യം ടി.എന്‍.ഗോവിന്ദന്‍ തിരുമുല്‍പാടും കേന്ദ്ര സര്‍ക്കാരുമായുള്ള കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും ഡി.എഫ്.ഒ. സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നുണ്ട്.
അതിനിടെ, നിര്‍മാണങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയ്ക്ക് സൗത്ത് വയനാട് ഡി.എഫ്.ഒ. കത്ത് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. പൂക്കോട് മലവാരത്ത് കൂറ്റന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും സമീപകാലത്താണ് ഉയര്‍ന്നത്. റിസോര്‍ട്ടുകള്‍ക്കും മറ്റുമായുള്ള നിര്‍മാണങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഇതൊന്നും കാണാത്ത വനം വകുപ്പ് ആരുടെയോ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി അന്നുതന്നെ സര്‍വകലാശാലക്ക് കത്ത് നല്‍കിയതിന്റെ പിന്നാമ്പുറത്ത് മറ്റെന്തൊക്കെയോ താത്പര്യങ്ങളാണെന്ന അഭിപ്രായമാണ് പൊതുവെ. 2011ലാണ് പൂക്കോട് ആസ്ഥാനമായി സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയത്. വനം വകുപ്പ് ഇത്രകാലം എവിടെയായിരുന്നുവെന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.