കൃഷി ഓഫീസര്‍മാരില്ല; കൃഷിഭവനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:27 pm
SHARE

പാലക്കാട്: കൃഷി ഓഫീസര്‍മാരില്ലാതെ ജില്ലയില്‍ പത്ത് കൃഷിഭവനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ ഇതുമൂലം ലഭിക്കുന്നില്ല. കൃഷി ഓഫീസര്‍മാര്‍ക്ക് പുറമെ മൂന്ന് ബ്ലോക്കുകളില്‍ കൃഷി അസി ഡയറക്ടര്‍മാരുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. ചെര്‍പ്പുളശേരി ,വല്ലപ്പുഴ,കുലുക്കല്ലൂര്‍,തച്ചനാട്ടുകര,നാഗലശേരി,പല്ലശന,നെന്മാറ, മാത്തൂര്‍,അയിലൂര്‍,എലപ്പുള്ളി പഞ്ചായത്തുകളിലെ കൃഷിഭവനുകളിലാണ് കൃഷി ഓഫീസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. അടുത്ത കൃഷി‘ഭവന്‍ ഓഫീസര്‍മാര്‍ക്ക് ഇവിടങ്ങളില്‍ ചുമതല നല്‍കിയിരിക്കുകയാണ്. മലമ്പുഴ,തൃത്താല,കുഴല്‍മന്ദം ബ്ലോക്കുകളിലാണ് അഡീഷണല്‍ ഡയറക്ടര്‍മാരുടെ ഒഴിവുകളുള്ളത്. രാസവള സബ്‌സിഡി, കര്‍ഷകരുടെ പെന്‍ഷന്‍ ഉഴവുകൂലി,ഉത്പന്ന ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടസമയത്ത് പല ഓഫീസുകളിലേയും കൃഷി ഓഫീസര്‍മാര്‍ അവധിയിലാണെന്നും പരാതിയുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥന്മാരില്ലാത്തതിനാല്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും ബുദ്ധിമുട്ടാണ്. സ്വന്തം ഓഫീസിലെ ജോലികഴിഞ്ഞ് ചാര്‍ജ്ജുള്ള ഓഫീസിലെത്തുമ്പോഴേക്കും വന്ന കര്‍ഷകര്‍ മടങ്ങുകയും ചെയ്യും. മറ്റു ജീവനക്കാരുടെ ശമ്പളബില്ല് ഒപ്പിടല്‍ മാത്രമേ പലയിടങ്ങളിലും നടക്കുന്നുള്ളൂ. സര്‍ക്കാറിന്റെ വിവിധ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വമാണ് കൃഷി ഓഫീസര്‍മാര്‍ക്കുള്ളത്. നെല്‍കര്‍ഷകര്‍ക്ക് പുറമെ മറ്റ് കര്‍ഷകരും നിര്‍ദേശങ്ങള്‍തേടി എത്തുന്നത് കൃഷിഭവനുകളിലാണ്.