ഷാര്‍ജയില്‍ കാല്‍നട യാത്ര ഭീതിയുണര്‍ത്തുന്നു

Posted on: August 22, 2013 6:40 pm | Last updated: August 22, 2013 at 6:40 pm
SHARE

sharjahഷാര്‍ജ: നഗരത്തിലും പരിസരങ്ങളിലും നടപ്പാലങ്ങളുടെയും സീബ്ര ക്രോസിംഗുകളുടെയും അഭാവം കാല്‍നട യാത്ര ജീവന്‍മരണ പോരാട്ടമായി മാറുന്നതായി താമസക്കാര്‍. നഗരത്തിലെ തിരക്കേറിയ പല മേഖലകളിലും കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ നടപ്പാലങ്ങളും സീബ്ര ക്രോസിംഗുകള്‍ ഇല്ലാത്തതാണ് ഇത്തരം ഒരു അവസ്ഥക്ക് ഇടയാക്കുന്നത്.
നഗരത്തിലെ തിരക്കേറിയ മേഖലകളിലെല്ലാം ആളുകള്‍ ജീവന്‍ പണയപ്പെടുത്തിയാണ് റോഡ് മുറിച്ചു കടക്കുന്നത്. റോഡുകളില്‍ അണമുറിയാതെ വാഹനങ്ങള്‍ ഒഴുകുന്നതിനാല്‍ ദീര്‍ഘനേരം കാത്തുനിന്നുവേണം അവസരം നോക്കി റോഡ് കുറുകേ കടക്കാന്‍. നടപ്പാലത്തിന് പകരം സീബ്ര ക്രോസിംഗ് പോലും രേഖപ്പെടുത്താത്ത മേഖലയായതിനാല്‍ അമിത വേഗത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും തലനാരിഴക്കാണ് റോഡ് മുറിച്ചു കടക്കുന്നവര്‍ പലപ്പോഴും രക്ഷപ്പെടുന്നതെന്നും താമസക്കാര്‍ പറയുന്നു.
അല്‍ ഖാന്‍ മേഖലയിലാണ് സീബ്ര ക്രോസിംഗുകളുടെ അഭാവം ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്. റോഡ് മുറിച്ചു കടക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്ത സ്ഥിതിയാണ്. പലപ്പോഴും കിലോമീറ്ററുകള്‍ താണ്ടി വേണം റോഡിന്റെ എതിര്‍വശത്ത് എത്താന്‍. ഈ ഭാഗത്ത് ചുരുങ്ങിയത് നാലു സീബ്ര ക്രോസിംഗ് മേഖലകളെങ്കിലും മാര്‍ക്ക് ചെയ്യേണ്ടി വരുമെന്നാണ് ഇവിടുത്തെ വിവിധ കെട്ടിടങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഇത്രയും സീബ്രാ ക്രോസിംഗുകള്‍ വന്നാലും അര കിലോമീറ്ററിലധികം റോഡ് മുറിച്ചു കടക്കാന്‍ കാല്‍നടക്കാര്‍ സഞ്ചരിക്കേണ്ടി വരും.
ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ സീബ്ര ക്രോസിംഗിലൂടെ നിയമാനുസരണം റോഡ് മുറിച്ചു കടക്കാന്‍ രണ്ട് കിലോമീറ്റ റോളം നടക്കേണ്ടി വരുന്നതായി ഇതിന് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പല മേഖലകളിലും തിരക്ക്പിടിച്ച് ഓടുന്നതിനിടയില്‍ വാഹനം ഇടിച്ച് നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി സീബ്രക്രോസിംഗുകള്‍ മാര്‍ക്ക് ചെയ്യപ്പെടുകയും കൂടുതല്‍ നടപ്പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നെങ്കിലും ഇതൊന്നും വര്‍ധിച്ച ആവശ്യം പരിഗണിക്കുമ്പോള്‍ എങ്ങുമെത്താത്ത സ്ഥിതിയാണ്.
ദുബൈ-ഷാര്‍ജ റൂട്ടില്‍ വാഹനങ്ങള്‍ ഇടമുറിയാതെ ഒഴുകുന്ന പ്രധാന ഹൈവേയായ അല്‍ ഇത്തിഹാദ് റോഡ് അല്‍ഖാനിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ പലയിടത്തും കിലോമീറ്ററുകള്‍ സഞ്ചരിച്ചാലെ ഒരു നടപ്പാലമോ, സീബ്ര ക്രോസിംഗോ കാല്‍നടക്കാരുടെ ഉപയോഗത്തിനായി കാണാന്‍ കഴിയൂ.
അല്‍ ഖാനില്‍ ഒരു ഭാഗത്ത് താമസ സ്ഥലവും മറുഭാഗത്ത് ഷോപ്പിംഗ് മാളുകളും ആവുന്നതിനാലാണ് താമസക്കാര്‍ക്ക് അടിക്കടി വിവിധ ആവശ്യങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കേണ്ടുന്ന സ്ഥിതി ഉണ്ടാവുന്നത്. ഈ പ്രശ്‌നത്തിന് മറ്റൊരു രീതിയിലും പരിഹാരം കാണാന്‍ സാധിക്കില്ല. ശാശ്വതമായ പരിഹാരമെന്ന നിലയില്‍ മേല്‍പാലങ്ങളും അടിപ്പാതകളും സീബ്രക്രോസുകളും നിര്‍മിക്കണമെന്ന് നഗരത്തിലെ താമസക്കാര്‍ അടിക്കടി ആവശ്യപ്പെടുന്നത്.
ദുബൈ നഗരത്തിലും പരിസരങ്ങളിലും ഉയര്‍ന്ന വാടക നല്‍കണമെന്നതിനാല്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ചും മലയാളികള്‍ ദുബൈ അതിര്‍ത്തിയോട് ചേര്‍ന്ന ഈ മേഖലയെയാണ് താമസത്തിനായി ആശ്രയിക്കുന്നത്.