യൂറോപ്യന്‍ യൂനിയന്‍ അടിയന്തര യോഗം ചേര്‍ന്നു

Posted on: August 20, 2013 5:39 am | Last updated: August 19, 2013 at 11:40 pm
SHARE

ബ്രസ്സല്‍സ്: ഈജിപ്തില്‍ രക്തരൂഷിത പോരാട്ടം ശക്തമായ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ അടിയന്തര യോഗം ചേര്‍ന്നു. പുതിയ സാഹചര്യത്തില്‍ ഈജിപ്തുമായുള്ള ബന്ധം അടിയന്തിരമായി പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഒന്നാം ഘട്ട യോഗം വിലയിരുത്തി. ഈജിപ്തിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ വിദേകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ നടക്കും.
അടിയന്തര യോഗത്തിന്റെ പശ്ചാത്തലത്തില്‍ യൂനിയനിലെ രാഷ്ട്രീയ -സുരക്ഷാ വകുപ്പിലെ നയതന്ത്രജ്ഞരുടെ വേനലവധി റദ്ദ്‌ചെയ്തു. ഈജിപ്തില്‍ അഞ്ച് ദിവസത്തിനിടെ അക്രമത്തില്‍ 800ഓളം പേരാണ് കൊല്ലപ്പെട്ടത്. ഈജിപ്തിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നത് ഈജിപ്തിനൊപ്പം അയല്‍രാജ്യങ്ങള്‍ക്കും പ്രവചനാതീതമായ തിരിച്ചടികളുണ്ടാക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സിലും യൂറോപ്യന്‍ കമ്മീഷനും അത്യപൂര്‍വ്വമായി പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ഈജിപ്തില്‍ സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ അത്യധികം ഉത്കണ്ഠയുയര്‍ത്തുന്നതാണെന്ന് ഹെര്‍മന്‍ വാന്‍ റോംപുയിയും ജോസ് മാനുവല്‍ ബരാസോയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഈജിപ്തുമായുള്ള ബന്ധം പുനപ്പരിശോധിക്കുമെന്നും ഇതില്‍ പറയുന്നു. ലോകവ്യാപകമായി 500 കോടി യൂറോയുടെ സഹായവാഗ്ദാനം ഈജിപ്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു ബില്യണ്‍ യുറോ യൂറോപ്യന്‍ യൂനിയന്റെ സഹായമാണ്. ബാക്കി യൂറോപ്യന്‍ ബേങ്കുകളായ ഇ ഐ ബി, ഇ ബി ആര്‍ ഡി എന്നിവയുടേതുമാണ്. ഈജിപ്തിന് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ നിര്‍ദേശിച്ചു.