Connect with us

Malappuram

മഞ്ചേരിയില്‍ പരസ്യ കഞ്ചാവ് വില്‍പ്പന

Published

|

Last Updated

മഞ്ചേരി: പരസ്യമായി കഞ്ചാവ് വില്‍പ്പന മഞ്ചേരിയില്‍ മാത്രം. ദിവസം ശരാശരി നാല് കിലോ കഞ്ചാവ് വില്‍പ്പനയാണ് നഗരത്തില്‍ നടക്കുന്നത്. ജില്ലക്ക് പുറത്ത് നിന്ന് മുക്കം, കുന്ദംകുളം ഭാഗത്തു നിന്നുപോലും കഞ്ചാവ് വില്‍പ്പനക്കായി ഇടപാടുകാര്‍ മഞ്ചേരിയിലെത്തുന്നു.
കഞ്ചാവ് കച്ചവടക്കാരുടെ പറുദീസയായതിനാലാണിത്. ഇവിടെ പോലീസിനേയോ എക്‌സൈസുകാരേയോ ഭയപ്പെടേണ്ടതില്ലെന്നാണ് കച്ചവടക്കാരാനായ മുക്കം റസാഖ് പറയുന്നത്. പത്തു വര്‍ഷമായി ഇടപാടിനായി മഞ്ചേരിയിലെത്തുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു. മുപ്പതിനും നാല്‍പ്പതിനുമിടയില്‍ ചില്ലറ കച്ചവടക്കാര്‍ നഗരത്തിലുണ്ട്. മുക്കം ടാര്‍സന്‍, ആസിഫ്, ആഷ്‌റഫ്, റഫീഖ് തുടങ്ങിയ മൊത്ത കച്ചവടക്കാര്‍ മിന്നായം പോലെ ബസിനസ് നടത്തി തിരിച്ചു പോവുന്നു.
മഞ്ചേരിയിലെ പഴയകാല ചുമട്ട് തൊഴിലാളികളുടെ ഒത്താശയോടെയാണ് നഗരത്തില്‍ കഞ്ചാവ് കച്ചവടം. ഇവര്‍ക്ക് യഥാസമയം കൃത്യമായി കമ്മീഷന്‍ ലഭിച്ചു വരുന്നു. പ്ലാസ്റ്റിക് കവറില്‍ ലഭിക്കുന്ന കഞ്ചാവിന് 150 രൂപയാണ് വില. ആയിരം രൂപക്ക് 12 പാക്ക് വാങ്ങി 200 രൂപ വീതം ഈടാക്കി ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ വൃദ്ധരും യുവാക്കളുമുണ്ട്. വിദ്യാര്‍ഥികളും ബസ് ജീവനക്കാരുമാണ് പ്രധാന ഉപഭോക്താക്കള്‍.
പഴയ ബസ് സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നവരും ടൈല്‍സ് പാകിയ ബഞ്ചിലിരിക്കുന്നവരും കോണിപ്പടിയില്‍ ഇടം പിടിച്ചവരുമാണ് പ്രധാന വില്‍പ്പനക്കാര്‍. ഇന്നലെ ഉച്ചക്ക് യുവാവിനെ കോണിക്കൂട്ടിലിട്ട് ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് എന്തിനെന്ന അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചതി, വഞ്ചന, വിലപേശല്‍ ഒന്നുമില്ലാത്ത കച്ചവടമായതിനാല്‍ അടിപിടികള്‍ അപൂര്‍വമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Latest