Connect with us

Malappuram

പൂര്‍വവിദ്യാര്‍ഥികളുടെ അപൂര്‍വ സംഗമം; ചരിത്രം തിരുത്താന്‍ പി എസ് എം ഒ കോളജ്

Published

|

Last Updated

മലപ്പുറം: 44 വര്‍ഷങ്ങള്‍, 800 ഓളം ക്ലാസുകള്‍, അര ലക്ഷത്തോളം വിദ്യര്‍ഥികള്‍ ഇവയെല്ലാം വീണ്ടും സംഗമിക്കുകയാണ് തിരൂരങ്ങാടി പി എസ് എം ഒ കോളജിന്റെ മുറ്റത്ത്. പൂര്‍വവിദ്യാര്‍ഥികളുടെ അപൂര്‍വ സംഗമം നടത്തി ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഈ കലാലയം.

ഈ മാസം രാവിലെ ഒമ്പത് മണിക്ക് പതിവുപോലെ ബെല്ലടിക്കും. അര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന ദിനം കൂടി സമ്മാനിക്കും. പ്രത്യേകം സജ്ജീകരിക്കുന്ന ക്ലാസുകളിലേക്കും പിന്നീട് ബാച്ച് കോര്‍ണറുകളിലേക്കും തിരിച്ചു വിളിക്കുന്നതാണ് അലുമ്‌നി “ബാച്ച് എന്‍ ക്ലാസ് മീറ്റ് 2013”.
ഇതുവരെയുള്ള മുഴുവന്‍ ക്ലാസുകളിലേയും രണ്ട് വീതം വിദ്യാര്‍ഥികളെയും വിദ്യാര്‍ഥിനികളെയും പങ്കെടുപ്പിച്ചുള്ള ക്ലാസ് പ്രതിനിധി യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. വിവിധ വര്‍ഷങ്ങളിലെ കോളജ് യൂനിയന്റെയും അസോസിയേഷന്റെയും ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്ലാസ് പ്രതിനിധിയോഗങ്ങള്‍ നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ യോഗം ചേര്‍ന്ന് അവരുടെ ക്ലാസുകള്‍ പുനര്‍ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
18ന് രാവിലെ ഒമ്പത് മണിക്ക് ആദ്യ വിദ്യാര്‍ഥി ഉണ്ണിമമ്മു പഴയേരി പതാക ഉയര്‍ത്തും. 44 കോളജ് യൂനിയന്‍ ചെയര്‍മാന്‍മാര്‍ വിവിധ വര്‍ണങ്ങളിലെ പതാകകള്‍ ഉയര്‍ത്തും. 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇന്നലെകളിലേക്കുള്ള തിരിച്ചുപോകലാണ്.
രണ്ട് മണിക്ക് പഴയ കോളജ് പ്രിന്‍സിപ്പല്‍മാരും മുന്‍ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും പങ്കെടുക്കുന്ന അധ്യാപക വിദ്യാര്‍ഥി മീറ്റ് നടക്കും. മൂന്ന് മണിക്ക് ഓരോ അഞ്ച് ബാച്ചിനും പ്രത്യേകം തയ്യാറാക്കുന്ന വേദികളില്‍ ഓര്‍മകള്‍ പങ്ക് വെക്കാനുള്ള അവസരമാണ്. അഞ്ച് മണിക്ക് ഗ്ലോബല്‍ അലുമ്‌നി മീറ്റും ആറ് മണി മുതല്‍ ബി സോണ്‍, ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
ബാച്ച് ആന്‍ഡ് ക്ലാസ് മീറ്റിന്റെ വിജയത്തിന് വേണ്ടി നാല് മാസമായി ആയിരത്തോളം പൂര്‍വ വിദ്യാര്‍ഥികളാണ് വിവിധ തലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോളജ് പരിസരത്തെ വിവിധ വാര്‍ഡുകളിലെ ആയിരത്തിലധികം വീടുകളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രചാരണ സംഗമങ്ങളും നടന്നു.
ഡല്‍ഹിയിലും ബംഗളൂരുവിലും നടന്ന സംഗമങ്ങളില്‍ അവിടയുള്ളവരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് രൂപം നല്‍കി. ഷാര്‍ജ, അബൂദബി, മുംബൈ, ജിദ്ദ, റിയാദ്, ഖത്തര്‍ ചാപ്റ്ററുകള്‍ കുടുംബസംഗമങ്ങള്‍ നടത്തിയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. അലുമ്‌നി മീറ്റിനോടനുബന്ധിച്ച് പുറത്തിറക്കുന്ന 44 വര്‍ഷത്തെ കോളജ് മാഗസിന്‍ അടക്കം ഓര്‍മക്കുറിപ്പുകളും പഴയകാല ചിത്രങ്ങളും ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ സുവനീറിന്റെ പ്രവര്‍ത്തനവും പൂര്‍ത്തിയായി. ജീവിത വിജയം നേടിയവരാണ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കുക എന്ന പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ തുറകളിലുള്ളവരെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘാടകര്‍ ശ്രമം നടത്തിവരികയാണെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പറഞ്ഞു.

 

Latest