വിദേശ ജനറിക് മരുന്നുകളുടെ ഫീസ് യു എസ് കുത്തനെ കൂട്ടി

Posted on: August 11, 2013 10:33 pm | Last updated: August 11, 2013 at 10:33 pm
SHARE

genric medicineന്യൂഡല്‍ഹി/വാഷിംഗ്ടണ്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജനറിക് മരുന്നുകള്‍ക്കുള്ള ഫീസ് അമേരിക്ക കുത്തനെ കൂട്ടി. ഫീസില്‍ 48 ശതമാനം വരെയാണ് ഒക്‌ടോബര്‍ മുതല്‍ വര്‍ധന വരുത്തുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ കമ്പനികളെയാണ്. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കണക്ക് പ്രകാരം അമേരിക്കയില്‍ മരുന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
3000 കോടി ഡോളറിന്റെ ജനറിക് മരുന്ന് വിപണിയില്‍ 10 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികളാണ്. മരുന്നുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും മറ്റുമുള്ള ഫീസ് ആണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) കുത്തനെ കൂട്ടിയിരിക്കുന്നത്.
ഫീസ് വര്‍ധന കമ്പനികള്‍ക്കുണ്ടാക്കുന്ന ഭാരത്തെക്കുറച്ച് തങ്ങള്‍ ബോധവാന്‍മാരാണെന്നും നിര്‍ദേശിക്കപ്പെട്ട വര്‍ധനവില്‍ നിന്ന് പരമാവധി കുറച്ചാണ് ഇപ്പോള്‍ പ്രാബല്യത്തിലാക്കുന്നതെന്നും എഫ് ഡി എ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. യു എസ് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഫെഡറല്‍ രജിസ്റ്ററില്‍ ഫീസ് വര്‍ധനവിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വര്‍ധിച്ച ഫീസ് ഒക്‌ടോബര്‍ ഒന്നിന് നിലവില്‍ വരും. ഒരു വര്‍ഷത്തിന് ശേഷം ഫീസ് പുനഃപരിശോധനക്ക് വിധേയമാക്കും. പുതുക്കിയ നിരക്ക് പ്രകാരം അബ്രിവേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍ ഫീ 63,860 ഡോളര്‍ ആയിരിക്കും. നിലവില്‍ ഇത് 51,520 ഡോളര്‍ ആണ്. 24 ശതമാനമാണ് വര്‍ധന. ഡ്രഗ് മാസ്റ്റര്‍ ഫയല്‍( ഡി എം എഫ്) ഫീസ് ആണ് ഏറ്റവും കൂടുതല്‍ കൂട്ടിയത്- 48 ശതമാനം.