Connect with us

Wayanad

പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രാജി ഭീഷണിയുമായി മുന്‍ പ്രസിഡന്റ്; യു ഡി എഫിന് വീണ്ടും പ്രതിസന്ധി

Published

|

Last Updated

കല്‍പറ്റ: ഈ മാസം 20ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊഴുതനയില്‍ യു ഡി എഫിനു വീണ്ടും പ്രതിസന്ധി. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പഞ്ചായത്ത് ഭരണസമിതി അംഗത്വം രാജിവെയ്ക്കുമെന്ന മുസ്‌ലിംലീഗിലെ റസീന കുഞ്ഞുമുഹമ്മദിന്റെ ഭീഷണിയാണിതിനു നിദാനം. പൊഴുതന പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് റസീന. എല്‍ ഡി എഫ് കഴിഞ്ഞമാസം അവിശ്വാസപ്രമേയത്തിലൂടെ അവരെ പുറത്താക്കുകയായിരുന്നു. ഭരണസമിതിയിലെ കോണ്‍ഗ്രസ് വനിതാ അംഗം ലിന്റ ജോണ്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതാണ് റസീനയുടെ കസേരനഷ്ടത്തിനു കാരണമായത്.
13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്‌ലിംലീഗിനു അഞ്ചും കോണ്‍ഗ്രസിനു രണ്ടും സി പി എമ്മിനു ആറും മെമ്പര്‍മാരാണുളളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് റസീന രാജിവെച്ചാല്‍ ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യബലമാകും. ഇത് ഭരണം വരുതിയിലാക്കുന്നതില്‍ കോണ്‍ഗ്രസ്-ലീഗ് സഖ്യത്തിനു കടമ്പകള്‍ സൃഷ്ടിക്കും. തെരഞ്ഞെടുപ്പില്‍ റസീന കളംമാറി ചവിട്ടിയാലും യു.ഡി.എഫിനു കനത്ത നഷ്ടം ഉണ്ടാകും. റസീന രാജി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവരെ കൂടെനിര്‍ത്താനുള്ള ഉപായങ്ങള്‍ എല്‍ ഡി എഫ് പരിശോധിക്കുന്നുമുണ്ട്.
പൊതുവിഭാഗം വനിതയ്ക്ക് സംവരണം ചെയ്തതാണ് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ദീര്‍ഘകാലം സി പി എം നിയന്ത്രണത്തിലായിരുന്ന പഞ്ചായത്ത് ഭരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ്. തിരിച്ചുപിടിച്ചത്. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം പങ്കിടാന്‍ മുന്നണിയില്‍ ധാരണയായി. മുസ്‌ലിംലീഗിനായിരുന്നു പ്രസിഡന്റ് പദവിയില്‍ ആദ്യ ഊഴം. ധാരണയനുസരിച്ച് ആദ്യ പകുതിയില്‍ റസീനയെ പ്രസിഡന്റാക്കാന്‍ മുസ്‌ലിം ലീഗും മണ്ഡലം പ്രസിഡന്റുമായ എം എം ജോസിനെ വൈസ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചു.
രണ്ടര വര്‍ഷം കഴിഞ്ഞ് ലിന്റ ജോണിന് പ്രസിഡന്റ് സ്ഥാനം നല്‍കാനും കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഭരണകാലത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ മുന്‍ ധാരണയനുസരിച്ച് എം എം ജോസ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും റസീന കുഞ്ഞുമുഹമ്മദ് കസേരവിടാന്‍ തയാറായില്ല. രാജിവെക്കണമെന്ന മുസ്‌ലിംലീഗ് ജില്ലാ നേതൃത്വത്തിന്റേതടക്കം ആവശ്യം റസീന അവഗണിച്ചു. ഇതോടെ പ്രസിഡന്റ് പദം കാത്തിരുന്ന ലിന്റ ജോണ്‍ ഇടഞ്ഞു. തന്നെ പ്രസിഡന്റാക്കണമെന്ന അവരുടെ ആവശ്യത്തെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കണ്ടതുമില്ല. ഈ തക്കത്തിനാണ് റസീനക്കെതിരെ എല്‍ ഡി എഫ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ലിന്റ അനുകൂലിച്ചതോടെ പ്രമേയവും പാസായി.
ലിന്റെയെ കൂടെ നിര്‍ത്തി പൊഴുതന പഞ്ചായത്ത് ഭരണം വീണ്ടെടുക്കാമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. എന്നാലത് ശീട്ടുകൊട്ടാരംപോലെ തകര്‍ന്നു. ഓഗസ്റ്റ് ഏഴിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിന്റ യു ഡി എഫ്. സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ ഇ കെ ഹുസൈനു വോട്ടുചെയ്തു. സി.പി.എം. സ്ഥാനാര്‍ഥി തോല്‍വിയുടെ രുചിയറിഞ്ഞു.
പ്രസിഡന്റാക്കാമെന്ന് യു.ഡി.എഫ് നേതൃത്വം ഉറപ്പുകൊടുത്തതിനെത്തുടര്‍ന്നാണ് ലിന്റ സി.പി.എം പദ്ധതിയെ അരിഞ്ഞിട്ടത്. മുദ്രപ്പത്രത്തില്‍ കരാറെഴുതിയാണ് യു ഡി എഫ് പൊഴുതന പഞ്ചായത്ത് നേതൃത്വം ലിന്റയ്ക്ക് പ്രസിഡന്റ് പദവി ഉറപ്പുനല്‍കിയത്.
കര്‍ഷക കോണ്‍ഗ്രസ് കല്‍പറ്റ ബ്ലോക്ക് പ്രസിഡന്റ് കെ ജെ ജോണിന്റെ ഭാര്യയാണ് ലിന്റ. ഭരണത്തിന്റെ രണ്ടാം പകുതിയുടെ അവസാനത്തെ ആറുമാസം പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിനായിരിക്കുമെന്നും ഈ കരാറിലുണ്ട്. കോണ്‍ഗ്രസിനുവേണ്ടി മണ്ഡലം പ്രസിഡന്റ് എം എം ജോസ്, കെ ജെ ജോണ്‍, മുസ്‌ലിംലീഗിനു വേണ്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കാതിരി നാസര്‍, സെക്രട്ടറി കെ കെ ഹനീഫ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
ഈ വിവരം പുറത്തായതിനു പിന്നാലെയാണ് റസീന കുഞ്ഞുമുഹമ്മദിന്റെ രാജി ഭീഷണി. ഇതിനെ എങ്ങനെ നേരിടണമെന്ന് ആലോചിച്ച് തലപുകക്കുയാണ് യു ഡി എഫ് നേതൃത്വം. സി.പി.എം. തുറന്നുപിടിക്കുന്ന ചാക്കില്‍ റസീന വീഴുമോ എന്ന ആകുലതയും അവര്‍ക്കുണ്ട്.
അതിനിടെ, രാജിഭീഷണിയുമായി സമീപിച്ച റസീനയെ കോണ്‍ഗ്രസ് നേതാവ് വിരട്ടിയതായും സൂചനയുണ്ട്. രാജിവെയ്ക്കുന്നതില്‍ വിരോധമില്ലെന്നും ഉപതെരഞ്ഞെടുപ്പിനെ നേരിട്ടുകൊള്ളാമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് റസീനയോട് പറഞ്ഞത്.
പൊഴുതന പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട ഗുലുമാലുകള്‍ മുസ്‌ലിംലീഗിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കയാണ്. നേതൃത്വം പഞ്ചായത്ത് ഭരണസമിതിയിലെ സീനിയര്‍ അംഗത്തെ തഴഞ്ഞ് ഇ കെ ഹുസൈനെ വൈസ് പ്രസിഡന്റാക്കിയതില്‍ കടുത്ത അമര്‍ഷത്തിലാണ് മുസ്‌ലിംലീഗ് അണികളില്‍ ഒരു വിഭാഗം.

Latest