കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ജപ്തി; കര്‍ഷകര്‍ ആശങ്കയില്‍

Posted on: August 5, 2013 12:13 am | Last updated: August 5, 2013 at 12:13 am
SHARE

മണ്ണാര്‍ക്കാട്: ജില്ലയിലെ കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ജപ്തി നടപടി ഊര്‍ജിതമാക്കുവാനുമുള്ള ബേങ്കുകളുടെ നടപടി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയനാനം മൂലം കൃഷിനാശം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, വര്‍ധിച്ച് വരുന്ന കൃഷിചെലവ്, തൊഴിലാളി ക്ഷാമം എന്നിവ മൂലം കൃഷി മുന്നോട്ട് പോകുവാന്‍ കഴിയാതെ പ്രയാസത്തിലായ കര്‍ഷകരോടാണ് ബേങ്കുകളുടെ ഈ നടപടി. കിഴക്കന്‍ മേഖലയില്‍ ബേങ്കുകളുടെ നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
കാര്‍ഷിക മേഖലയെ സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ദുരിത ബാധിത പ്രദേശമായും കടങ്ങള്‍ക്ക് മെറോട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും മുഖവിലക്കെടുതെയാണിപ്പോള്‍ ബേങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പോലും മറികടന്ന് കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടി ആരംഭിക്കുന്നതായി പരാതിയുണ്ട്. നിലവിലെ കാര്‍ഷിക കടങ്ങള്‍ പലിശയടച്ച് പുതുക്കിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജിന്റെ ആനുകൂല്യം ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. വരള്‍ച്ച ബാധിതജില്ലയായി പ്രഖ്യാപിച്ചിട്ട് മാസങ്ങളേറെയായെങ്കിലും കര്‍ഷകര്‍ക്ക് ഇത് വരെ നഷ്ടപരിഹാരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതോടൊപ്പം കര്‍ഷകര്‍ക്കുള്ള സബ്‌സിഡികളും ഇത് വരെ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സബ് സിഡികള്‍ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിന് ബേങ്കുകളില്‍ സിറോ ബാലന്‍സ് അക്കൗണ്ട് സൗകര്യമൊരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കുന്നില്ല. മുന്‍കൂര്‍ തുക നിക്ഷേപിക്കണമെന്നാണ് ബേങ്കുകാര്‍ പറയുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
ഭക്ഷ്യ സുരക്ഷക്ക് ഏറെ പ്രധാന്യം നല്‍കുന്ന സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാനും കാര്‍ഷികകടങ്ങള്‍ എഴുതി തള്ളാനും നടപടി സ്വീകരിക്കമെന്നാവശ്യം ശക്തമായിട്ടുണ്ട്.