Connect with us

Editorial

ചൊറിഞ്ഞ് പുണ്ണാക്കരുത്

Published

|

Last Updated

“ഉണില്‍ ചൊറിഞ്ഞ് പുണ്ണാക്കി”യ അനുഭവമാകുമോ പ്രത്യേക തെലങ്കാന സംസ്ഥാന രൂപവത്കരണമെന്ന ആശങ്കയിലാണ് രാജ്യം. ആന്ധ്രപ്രദേശിനെ സംബന്ധിച്ച്, തെലങ്കാന സംസ്ഥാന രൂപവത്കരണ തീരുമാനം, യു പി എ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പ്രഖ്യാപിച്ചതോടെ, ഒരു യുഗത്തിന്റെ അന്ത്യമാണ്. ആഘോഷപ്പൊലിമയും ആശങ്കയും ഉണര്‍ത്തിക്കൊണ്ട് പ്രത്യേക തെലങ്കാന സംസ്ഥാന പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെട്ടപ്പോള്‍, കൂടുതല്‍ പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള മുറവിളിയും ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. അസം വിഭജിച്ച് പ്രത്യേക ബോര്‍ഡോലാന്‍ഡ് സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭ രംഗത്തിറങ്ങിയ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. കര്‍ബി ആംഗ്‌ലോംഗ് ജില്ല പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഈ മലമ്പ്രദേശ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അസം വിഭജിച്ച് കമതപൂര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നാഗാലാന്‍ഡില്‍ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ട്യുന്‍സാംഗ്, കിഫൈര്‍ ജില്ലകളും അവക്കിടയില്‍ കിടക്കുന്ന ലോംഗ്‌ലെംഗും ഉള്‍പ്പെടുത്തി “ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ്” എന്ന പേരില്‍ പുതിയൊരു സംസ്ഥാനം ആവശ്യപ്പെട്ട് പ്രകടനങ്ങളും ബന്ദാചരണവും നടന്നു കഴിഞ്ഞു. പൊതുവെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ എന്തിന്റെ പേരിലായാലും പുതിയ വെല്ലുവിളികള്‍ ഉയരുന്നത് ആശങ്ക ഉളവാക്കുന്നതാണ്.
“അസമിന് വിട, ബോഡോലാന്‍ഡ് ഇല്ലാതെ വിശ്രമമില്ല” എന്ന പ്ലക്കാര്‍ഡുമേന്തി സംസ്ഥാനത്തിന് പുറത്തേക്കുള്ള റെയില്‍ ബന്ധം വിച്ഛേദിച്ച ആള്‍ ബോഡൊ സ്റ്റുഡന്റ്‌സ് യൂനിയന്‍ ( എ ബി എസ് യു) പ്രവര്‍ത്തകര്‍ ആഗസ്റ്റ് അഞ്ചിന് കാലത്ത് അഞ്ച് മണി മുതല്‍ ആഗസ്റ്റ് ഏഴിന് വൈകുന്നേരം അഞ്ച് മണി വരെ 60 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈദുല്‍ഫിത്വറിന് ശേഷം 1000 മണിക്കൂര്‍ നീണ്ട സാമ്പത്തിക ഉപരോധം സംഘടിപ്പിക്കുമെന്ന് എ ബി എസ് യു മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സംസ്ഥാനം വിഭജിച്ച് നാല് കൊച്ചു സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന് ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി ആവശ്യപ്പെട്ടു കഴിഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരിക്കെ വിഭാവനം ചെയ്ത വിധമാകണം പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനവും മഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ സംസ്ഥാനവും രൂപവത്കരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇനിയൊരു സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപവത്കരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് മുന്‍വെക്കുന്ന ആവശ്യങ്ങള്‍ പ്രായോഗികമാണെങ്കില്‍ അവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വികസന സങ്കല്‍പ്പത്തിലുള്ള അപാകങ്ങളും എല്ലാമേഖലകള്‍ക്കും സമാന പരിഗണനകള്‍ ലഭിക്കാതിരിക്കുന്നതുമാണ് തീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത്. ഒരു വശത്ത് അവഗണന അരങ്ങ് തകര്‍ക്കുമ്പോള്‍ മറുവശത്ത് “തന്‍ കുഞ്ഞ് പൊന്‍കുഞ്ഞെ”ന്ന അമിത പരിഗണനയോടെ പദ്ധതികള്‍ വാരിക്കോരി നല്‍കുന്നു. അവഗണനയുടെ സീമകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കേരളത്തില്‍ നിന്ന് “പഞ്ചാബ് മോഡല്‍” പ്രസംഗം ഉയര്‍ന്ന് കേട്ടത്. കേന്ദ്രത്തില്‍ ഭരണം കൈയാളുന്നവര്‍ തന്റെ മണ്ഡലം, തന്റെ സംസ്ഥാനം എന്ന ചിന്തയിലൂടെ പ്രാദേശിക സങ്കുചിതത്വത്തിന്റെ ആള്‍രൂപമായി മാറുമ്പോള്‍ മേഖലാ തലത്തിലും സംസ്ഥാനതലത്തിലും അസ്വസ്ഥതകളും തീവ്രവാദവും ഉടലെടുക്കുന്നു. അപ്പോള്‍ ചെറിയ പുതിയ സംസ്ഥാനമെന്ന വാദഗതി ശക്തിപ്പെടുന്നു. അവരുടെ താത്പര്യമനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പ്രക്ഷോഭം നയിക്കുന്നവര്‍ക്ക് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. അസമില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പും മറ്റും അതിന് മതിയായ ഉദാഹരണങ്ങളാണ്.
തെലങ്കാന സംസ്ഥാന രൂപവത്കരണത്തെ ഒരു രാഷ്ട്രീയ കക്ഷിയും എതിര്‍ക്കുന്നില്ല. പക്ഷേ, എല്ലാവരേയും സമന്വയിപ്പിച്ച് സുഗമമായ ഒരു പാതയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനും കഴിയാതെ പോയി. പുതിയ തെലങ്കാന സംസ്ഥാനം നിലവില്‍ വരാന്‍ ഇനിയും കടമ്പകളുണ്ട്. നദീജലം പങ്കിടല്‍, റവന്യു പങ്കുവെക്കല്‍, പുതിയ തലസ്ഥാനം, കര്‍ഷകരുടെയും യുവാക്കളുടെയും താത്പര്യ സംരക്ഷണം, തൊഴില്‍ സാധ്യതകള്‍ വികസിപ്പിക്കല്‍ തുടങ്ങിയതിലെല്ലാം താമസിയാതെ നടപടികളുണ്ടാകണം. ഒരു വലിയ കൂട്ടുകുടുംബം വിഭജിക്കപ്പെടുമ്പോള്‍ സ്വത്തുക്കളെല്ലാം ഭാഗിക്കേണ്ടതുണ്ട്. കാരണവന്മാരുടെ സാന്നിധ്യത്തില്‍ വേണം ഇതെല്ലാം പങ്കിടുന്നത്. അതാണ് കീഴ്‌വഴക്കം. പക്ഷേ, അങ്ങനെ ഒരു പ്രക്രിയ പ്രത്യേക തെലങ്കാന സംസ്ഥാന രൂപവത്കരണത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ആന്ധ്ര, റായലസീമ മേഖലകളില്‍ കാണുന്ന അസ്വസ്ഥതകള്‍ക്ക് കാരണവും അതാണ്.

Latest