Connect with us

Sports

ബാഴ്‌സയില്‍ നെയ്മറിന് സമനിലത്തുടക്കം

Published

|

Last Updated

വാര്‍സോ: ബാഴ്‌സലോണയില്‍ നെയ്മറിന്റെ തുടക്കം സമനിലയോടെ. പ്രീ സീസണ്‍ പരിശീലന മത്സരത്തില്‍ പോളിഷ് ക്ലബ്ബ് ലെചിയ ഗാന്‍സ്‌കിയാണ് നെയ്മറിന് ബാഴ്‌സ ജഴ്‌സിയില്‍ വിജയത്തുടക്കം നിഷേധിച്ചത്.
അതേ സമയം, അര്‍ജന്റീനക്കാരനായ പുതിയ കോച്ച് ജെറാര്‍ഡിനോ മാര്‍ട്ടിനോക്ക് ഈ സമനിലയില്‍ പങ്കില്ല. അദ്ദേഹത്തിന്റെ അരങ്ങേറ്റം നാളെയാണ്. ബാഴ്‌സലോണയും സാന്റോസും തമ്മില്‍ നൗകാംപില്‍ നടക്കുന്ന മത്സരത്തോടെയാണ് കാറ്റലന്‍സിനൊപ്പം മാര്‍ട്ടിനോയുടെ കാലം ആരംഭിക്കുന്നത്.
തന്റെ മുന്‍ ക്ലബ്ബായ സാന്റോസിനെതിരെ നെയ്മറിന് ആദ്യ ലൈനപ്പില്‍ തന്നെ ജെറാര്‍ഡോ മാര്‍ട്ടിനോ അവസരം നല്‍കിയേക്കാം. പോളിഷ് ക്ലബ്ബിനെതിരെ രണ്ടാം പകുതിയില്‍, എഴുപത്തെട്ടാം മിനുട്ടിലാണ് നെയ്മര്‍ കളത്തിലിറങ്ങിയത്. ചിലി സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസിന് പകരക്കാരനായിട്ടാണ് നെയ്മറിന്റെ രംഗപ്രവേശം.
ബാഴ്‌സയുടെ മുന്‍ ഗോള്‍ കീപ്പര്‍ അന്റോണി റമാലെറ്റ്‌സിന്റെ നിര്യാണത്തില്‍ ഒരു മിനുട്ട് നിശബ്ദ അനുശോചനത്തോടെയാണ് മത്സരം ആരംഭിച്ചത്. 1946-61 കാലയളവില്‍ ബാഴ്‌സക്കായി 473 മത്സരങ്ങളാണ് റമാലെറ്റ്‌സ് കളിച്ചത്. ആറ് ലാ ലിഗ കിരീടങ്ങളും അഞ്ച് സ്പാനിഷ് കിരീടങ്ങളും ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയ റമാലെറ്റ്‌സ് എണ്‍പത്തൊമ്പതാം വയസിലാണ് വിടവാങ്ങിയത്.
ലാ ലിഗയില്‍ അഞ്ച് തവണ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സമോറ ട്രോഫി സ്വന്തമാക്കിയ ഇതിഹാസ താരത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് കളത്തിലിറങ്ങിയ നെയ്മര്‍ മറ്റൊരു വീരേതിഹാസമാകുവാനുള്ള തയ്യാറെടുപ്പിലാണ്. പതിനഞ്ച് മിനുട്ടേ കളത്തിലുണ്ടായിരുന്നു. എങ്കിലും ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. മെസിയെ പോലെ താനേറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കളിക്കുന്ന ക്ലബ്ബിന്റെ ഭാഗമായി താന്‍ മാറിയിരിക്കുന്നു. വലിയ സന്തോഷം തോന്നുന്നു- നെയ്മര്‍ മത്സരശേഷം പറഞ്ഞു.
മുന്‍ ക്ലബ്ബ് സാന്റോസിനെ നേരിടുന്നത് പ്രത്യേക അനുഭവമാകും നെയ്മറിന്. എന്നാല്‍ ബാഴ്‌സയുടെ ജഴ്‌സിയില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതിലാകും നെയ്മറിന്റെ ശ്രദ്ധ.
ഈ മാസം 21ന് അത്‌ലറ്റികോ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പര്‍ കപ്പാണ് പുതിയ കോച്ചിന് കീഴില്‍ ബാഴ്‌സയുടെ സുപ്രധാന മത്സരം. നെയ്മറും കാത്തിരിക്കുന്നത് ഈ മത്സരത്തിനാണ്.