Connect with us

Kerala

ഉപമുഖ്യമന്ത്രിപദവും റവന്യൂ വകുപ്പും നല്‍കിയേക്കും: രമേശ് വഴങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള പ്രശ്‌നപരിഹാര ഫോര്‍മുല നടപ്പാക്കുന്നതിന് തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പില്ലാതെയും മന്ത്രിസഭയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചെന്നിത്തലയോട് ആവശ്യപ്പെടുമെന്നാണ് വിവരം. രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം, ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതിന് പ്രധാനമായും തടസ്സവാദം ഉന്നയിക്കുന്ന മുസ്‌ലിം ലീഗിനെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചേക്കും. ഇതിനായി മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്-എം പ്രതിനിധികളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നല്‍കുന്നതിന് തടസ്സം നില്‍ക്കാതിരിക്കാന്‍ ലീഗും കേരളാ കോണ്‍ഗ്രസും സ്വാഭാവികമായും ഉപാധികള്‍ വെച്ചേക്കും. മൂന്നാമതൊരു ലോക്‌സഭാ സീറ്റില്‍ ലീഗും ജോസ് കെ മാണിയുടെ മന്ത്രിസ്ഥാനത്തിന് കേരളാ കോണ്‍ഗ്രസും അവകാശവാദങ്ങളുന്നയിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടിവരും.
രമേശ് ചെന്നിത്തലക്ക് ആഭ്യന്തരമില്ലാതെ ഉപമുഖ്യമന്ത്രി പദവും റവന്യൂ വകുപ്പും നല്‍കുന്ന പുതിയ ഫോര്‍മുല പ്രകാരം നിലവിലെ റവന്യൂ മന്ത്രി അടൂര്‍പ്രകാശിന് വനം, കായിക വകുപ്പുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. ചര്‍ച്ചകള്‍ക്കായി അടൂര്‍ പ്രകാശിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ചെന്നിത്തല മന്ത്രിസഭയിലേക്കെത്തുന്നതോടെ ഒഴിവുവരുന്ന കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഘടക കക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിസഭാ പ്രവേശം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ഇതിനിടെ എ കെ ആന്റണിയുമായി ചെന്നിത്തലയും, മുകുള്‍വാസ്‌നികുമായി വയലാര്‍ രവിയും കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയെ മന്ത്രിയാക്കിയുള്ള പ്രശ്‌ന പരിഹാര നീക്കം ഐ ഗ്രൂപ്പ് നേരത്തെ തള്ളിയിരുന്നെങ്കിലും പ്രശ്‌നപരിഹാരമുണ്ടാകുന്നത് വരെ ഡല്‍ഹിയില്‍ തുടരാന്‍ ചെന്നിത്തലയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതിയ ഫോര്‍മുലയിലെ നിര്‍ദേശങ്ങള്‍ക്ക് ചെന്നിത്തലയും ഘടകകക്ഷികളും വഴങ്ങിയാല്‍ ഏറെക്കാലമായി നീളുന്ന സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭരണ പ്രതിസന്ധിക്കും താത്കാലികമായെങ്കിലും പരിഹാരമായേക്കുമെന്നാണ് നേതൃത്വം കരുതുന്നത്. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലേക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ സോണിയാ ഗാന്ധി മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ചെന്നിത്തല വഴങ്ങുമെന്നാണ് അവസാന സൂചനകള്‍.
കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കും ഘടകകക്ഷികള്‍ക്കും കൂടുതല്‍ പരുക്കില്ലെന്നതാണ് പുതിയ ഫോര്‍മുലയുടെ പ്രത്യേകതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എ ഗ്രൂപ്പിന് മുഖ്യമന്ത്രി പദവും ആഭ്യന്തരവും നിലനിര്‍ത്താനാകുന്ന ഫോര്‍മുലയില്‍ ഐ ഗ്രൂപ്പിന് ഉപമുഖ്യമന്ത്രിപദം ലഭിക്കും. ഹൈക്കമാന്‍ഡിന്റെ അനുഗ്രഹത്തോടെ ഫോര്‍മുല നടപ്പിലായാല്‍ മുസ്‌ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും ഇതിന്റെ ഫലം ലഭിക്കും.