ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകോത്സവം പയ്യന്നൂരില്‍

Posted on: July 31, 2013 2:23 am | Last updated: July 31, 2013 at 2:23 am

കണ്ണൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ആറാം തീയതി വരെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പ്രൊഫ. ജോണ്‍ സി ജേക്കബിനെ കുറിച്ച് എസ് കൃഷ്ണകുമാര്‍ രചിച്ച പുസ്തകവും ചന്ദ്രമുട്ടത്ത് രചിച്ച ജലസഞ്ചാരം എന്ന പുസ്തകവും പ്രകാശനം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 45ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് തുടക്കമാകും. 45 പുസ്തകങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യും.
കണ്ണൂര്‍ വില്‍പനശാലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,80,000 രൂപയും വിറ്റുവരവ് നടന്നതായും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 5,40,000 രൂപ വില്‍പന നടത്തിയതായും അസി. ഡയറക്ടര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സീനിയര്‍ സൂപ്രണ്ട് എന്‍ മുരളീധരന്‍, പി വി രാജന്‍ എന്നിവര്‍ പങ്കെടുത്തു.