പകരം ഭൂമി നല്‍കിയിട്ടും കൈയേറ്റം ഒഴിഞ്ഞില്ല

Posted on: July 31, 2013 2:15 am | Last updated: July 31, 2013 at 2:15 am

താമരശ്ശേരി: റോഡരികിലെ പുറംപോക്ക് ഭൂമി കൈയേറി കുടില്‍കെട്ടി താമസമാക്കിയവര്‍ക്ക് പകരം ഭൂമി നല്‍കിയെങ്കിലും കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയായില്ല. താമരശ്ശേരി ടൗണില്‍നിന്ന് ചുങ്കം ബി എസ് എന്‍ എല്‍ ജംഗ്ഷനിലെത്തുന്ന മിനി ബൈപ്പാസ് റോഡില്‍ അഞ്ച് കുടുംബങ്ങളാണ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടില്‍ കെട്ടി താമസമാക്കിയത്.
ഇവര്‍ക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വീട്ട് നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവരുടെ ബന്ധുക്കളാണ് ഭൂമി കൈവശം വെച്ചുവരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ച് കുടുംബത്തിനും വീടുവെക്കാനായി ഗ്രാമപഞ്ചായത്ത് ഭൂമി കണ്ടെത്തി നല്‍കുകയും ഭവനനിര്‍മാണത്തിന് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ബന്ധുക്കളാണ് ഇവരില്‍ പലരുമെന്നതാണ് വിചിത്രം. ആനുകൂല്യം കൈപ്പറ്റിയ നാല് കുടുംബങ്ങള്‍ വീടൊഴിഞ്ഞെങ്കിലും ഒരു കുടുംബം റോഡരികെ കുടിയേറ്റ ഭൂമിയിലാണ് താമസം.
അതിനിടെ, നേരത്തെ കുടിയൊഴിഞ്ഞ ജീര്‍ണിച്ച വീട് കഴിഞ്ഞ ദിവസം പുനരുദ്ധരിക്കുകയും പരിസരം വേലികെട്ടിതിരിക്കുകയും ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവരുടെ ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിലാണ് കൈയേറ്റം പുതുക്കിയത്. താമരശ്ശേരി ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ബൈപ്പാസ് റോഡ് വീതികൂട്ടി റീടാറിംഗ് നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെയാണ് വീട് അറ്റകുറ്റപ്പണി നടത്തി വേലികെട്ടിയത്. ഇവിടെയുള്ള ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുറിച്ചുകടത്തിയത് വിവാദമായിരുന്നുവെങ്കിലും അധികൃതരുടെ ഒത്താശയോടെ ഒതുക്കുകയായിരുന്നു. ആള്‍ത്താമസമില്ലാത്ത ജീര്‍ണിച്ച വീടുകള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ പരിസരം കാടുപിടിച്ച് കിടക്കുകയാണ്. രാത്രിയായാല്‍ ഈ വീടുകളില്‍ മദ്യപാനവും മറ്റ് അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നതായും ആരോപണമുണ്ട്. ഒഴിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാവാത്തതിനു പിന്നില്‍ കൈയേറ്റക്കാരുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്.