Connect with us

Malappuram

താനൂര്‍ ഗവ. കോളജ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം: താനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണിയാണ് താനൂരില്‍ സര്‍ക്കാര്‍ കോളജ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. താനൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് ആരംഭിക്കുന്നത്.
മണ്ഡലം എം എല്‍ എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ പുരം ഐ ടി ഐയുടെ പുതിയ കെട്ടിടത്തിലാണ് താത്കാലിക സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിട നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. എല്ലാവിഭാഗത്തിലും ഏഴ് തസ്തിക പുതുതായി സൃഷ്ടിക്കപ്പെടേണ്ടതുള്ളതിനാല്‍ താത്കാലികമായി ഗസ്റ്റ് അധ്യാപകരെയാണ് നിയമിക്കുന്നത്.
ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി എ ഇംഗ്ലീഷ്, ബി എസ് സി ഇലക്‌ട്രോണികസ്, ബി ബി എ, ബി സി എ എന്നീ അഞ്ച് കോഴ്‌സുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. മന്ത്രി എ പി അനില്‍കുമാര്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മുട്ടി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട് പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. സ്‌പെഷ്യല്‍ ഓഫീസര്‍ വി പി ബാബു, താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അശ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.