ഇറാഖില്‍ നിന്ന് മോഷ്ടിച്ച സദ്ദാമിന്റെ സ്വര്‍ണ വാള്‍ അമേരിക്ക തിരികെ നല്‍കി

Posted on: July 31, 2013 1:00 am | Last updated: July 31, 2013 at 1:00 am
SHARE

vaalവാഷിംഗ്ടണ്‍: ഇറാഖില്‍നിന്ന് മോഷ്ടിച്ച സദ്ദാം ഹുസ്സൈന്റെ സ്വര്‍ണ വാള്‍ അമേരിക്ക ഇറാഖിന് തിരികെ നല്‍കി. ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്താണ് പുറത്താക്കപ്പെട്ട ഇറാഖിലെ പ്രസിഡന്റ് സദ്ദാമിന്റെ വാള്‍ മോഷണം പോയത്. 43 ഇഞ്ച് നീളമുള്ള അലങ്കാരപ്പണികളോടുകൂടിയ അറബി വാക്കുകള്‍ ആലേഖനം ചെയ്ത വാളും ഉറയും ആഭ്യന്തര സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം ഇറാഖീ സ്ഥാനപതിക്ക് കൈമാറി.
മാഞ്ചസ്റ്ററില്‍ ലേലത്തിന് വെച്ച വാള്‍ 2012 ജനുവരിയിലാണ് അമേരിക്കന്‍ സര്‍ക്കാര്‍ കണ്ടുകെട്ടുന്നത്. എന്നാല്‍ ഇത് പിടിച്ചെടുക്കുന്നതിന് മുമ്പ് തന്നെ 15,000 ഡോളറിന് ഇത് ലേലം ചെയ്തിരുന്നു. ഒരു അമേരിക്കന്‍ ചരിത്രകാരനായിരുന്നു വാള്‍ ലേലത്തില്‍പ്പിടിച്ചത്. സദ്ദാമിന് ഉപഹാരമായി ലഭിച്ച ഈ വാള്‍ ആധുനിക കാലത്ത് യുദ്ധത്തിനുപയോഗിക്കുന്ന ഒരു ആയുധമല്ലെന്നും അക്കാരണത്താല്‍തന്നെ യുദ്ധത്തിലെ വിജയമുദ്രയായി കണക്കാക്കാനാകില്ലെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.