Connect with us

Kerala

ട്രോളിംഗ് നിരോധം ഇന്ന് അവസാനിക്കും

Published

|

Last Updated

തിരുവനന്തപുരം: ഒന്നര മാസം നീണ്ട മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധം ഇന്ന് അവസാനിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങിത്തുടങ്ങും. നീണ്ട ഇടവേളക്ക് ശേഷം കടലിലിറങ്ങുന്നതിന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് എല്ലാ തയ്യറെടുപ്പുകളും പൂര്‍ത്തിയാക്കി. അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ഹാര്‍ബറുകളില്‍ എത്തിത്തുടങ്ങി.
പുതിയ വലകളുടെ മിനുക്കുപണികളും പഴയ വലകളുടെ അറ്റകുറ്റപ്പണികളും നടത്തി മത്സ്യബന്ധനത്തിന് തയ്യാറായിരിക്കുകയാണ് തൊഴിലാളികള്‍. ദിവസങ്ങള്‍ നീളുന്ന മത്സ്യബന്ധനത്തിനായി പോകുന്ന വലിയ ബോട്ടുകള്‍ ഇന്ധനവും ഐസും വെള്ളവും ഭക്ഷണ സാധനങ്ങളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. 350 ബ്ലോക്ക് ഐസാണ് വലിയ ബോട്ടുകളില്‍ സാധാരണ കരുതിവെക്കുന്നത്. ഇവ ക്രഷറിന്റെ സഹായത്തോടെ പൊടിച്ചാണ് സ്റ്റോറിലേക്ക് തള്ളുന്നത്. ആയിരക്കണക്കിനു ലീറ്റര്‍ ഡീസലാണ് വലിയ ബോട്ടുകളില്‍ നിറക്കുന്നത്. നിരോധത്തെതുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയവര്‍ തിരിച്ചെത്തിയതോടെ ഹാര്‍ബറുകള്‍ സജീവമായി.
ഇത്തവണ കാലവര്‍ഷം ശക്തമായതിനാലും കടല്‍ നല്ലതുപോലെ ഇളകിക്കിടക്കുന്നതിനാലും തൊഴിലാളികള്‍ നല്ല പ്രതീക്ഷയോടെയാണ് മത്സ്യബന്ധനത്തിന് തയ്യറെടുക്കുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തോതില്‍ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. കിളിമീന്‍, കരിക്കാടി, കണവ തുടങ്ങിയവയാണ് സാധാരണഗതിയില്‍ ഈ സീസണില്‍ ലഭിക്കുക. നിരോധം കഴിഞ്ഞ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും കഴിഞ്ഞാലേ മത്സ്യമാര്‍ക്കറ്റുകള്‍ ഉണരുകയുള്ളൂ.
ട്രോളിംഗ് നിരോധകാലയളവില്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകുന്നത് തടയാന്‍ മുന്‍കാലങ്ങളിലേതുപോലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആരും ഇത്തവണ നിയമലംഘനത്തിനു മുതിര്‍ന്നിരുന്നില്ല. നിരോധ കാലയളവില്‍ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജൂണ്‍ 14ന് അര്‍ധരാത്രിയാണ് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തിയത്. 45 ദിവസം നീണ്ടുനിന്ന നിരോധ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കേരള തീരത്തെ ട്രോളിംഗ് നിരോധത്തെയും മത്സ്യ സമ്പത്തിനെയും കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ട്രോളിംഗ് നിരോധ സമയം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആഗസ്റ്റ് 31 വരെ നീട്ടി 75 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നാണ് സമിതി നല്‍കിയ നിര്‍ദേശം. ഇതിനെ എതിര്‍ത്ത് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തുകയും ചെയ്തു. പ്രധാന മത്സ്യങ്ങളായ കോര, പരവ, താട, വെള്ളാങ്കണ്ണി തുടങ്ങിയവയുടെ പ്രജനന കാലമായതിനാല്‍ മൂന്ന് മാസത്തേക്ക് യന്ത്രവത്കൃത ബോട്ടുകള്‍ കടലിലേക്ക് പോകുന്നത് തടയണമെന്നായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. 1988 മുതല്‍ ട്രോളിംഗ് നിരോധത്തിന്റെ ആദ്യത്തെ ഒമ്പത് വര്‍ഷം ലഭ്യതയുടെയും ആദായത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ച്ച കാണിച്ചെങ്കിലും പന്നീട് ആ വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. യന്ത്രവത്കൃത മേഖലയില്‍ 2000ന് ശേഷം വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല.

 

 

Latest