Connect with us

Wayanad

പൊഴുതന പഞ്ചായത്തിലെ ഭരണ അട്ടിമറി സി പി എമ്മിന്റെ ഗൂഢാലോചനയുടെ ഫലമെന്ന്: യു ഡി എഫ്

Published

|

Last Updated

കല്‍പ്പറ്റ: പൊഴുതന പഞ്ചായത്തില്‍ സി പി എം നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് ഭരണം അട്ടിമറിക്കപ്പെട്ടതെന്ന് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ കാതിരി നാസര്‍, കണ്‍വീനര്‍ എം എം ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ തീരുമാന പ്രകാരം അഞ്ചു വര്‍ഷം മുസ്‌ലിംലീഗിന് പ്രസിഡന്റ് സ്ഥാനവും, അഞ്ചു വര്‍ഷം കോണ്‍ഗ്രസിന് വൈസ്പ്രസിഡന്റ് സ്ഥാനവുമാണ്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടു വര്‍ഷവും, എട്ടു മാസവുമായി ഭരണം നടത്തുന്നത്. എന്നാല്‍ ലീഗ്-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തിയ ചിലര്‍ ഉണ്ടാക്കിയ വ്യാജ ധാരണ രേഖയുടെ പേരിലാണ് കോണ്‍ഗ്രസ് മെമ്പറായിരുന്ന ലിന്റാജോണ്‍ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടത്. ഈ കാര്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പരിശോധിക്കുകയും രേഖ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. പ്രമേയ വോട്ടെട്ടുപ്പില്‍ ലിന്റാജോണ്‍ ഇടതിന്‌ന് അനുകൂലമായി വോട്ട് ചെയ്താണ് യു ഡി എഫ് ഭരണ സമിതിയെ അട്ടിമറിച്ചത്. ലിന്റാജോണിനായി കോണ്‍ഗ്രസിലെ തന്നെ ജോസ് വൈസ്പ്രസിഡന്റ് സ്ഥാനം ഇതിനിടെ രാജിവെക്കുകയുമുണ്ടായിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരച്ച ലിന്റാ ജോണ്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് അധികാരത്തിനായി വോട്ട് മാറ്റി ചെയ്തത്. തിരഞ്ഞെടുത്ത് ജനങ്ങളോടുള്ള അനീതിയാണിത്. ആത്മാഭിമാനമുണ്ടെങ്കില്‍ വീണ്ടും ജനവിധി തേടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷത്തിനിടയില്‍ യു ഡി എഫ് ഭരണ സമിതി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇടിയംവയല്‍-വയനാംകുന്ന് കൈപ്പടി റോഡിന് എം എല്‍ എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 10 ലക്ഷവും, പൊഴതന-ആനോത്ത്-വെങ്ങപ്പള്ളി റോഡിന് ഒരു കോടി 75 ലക്ഷവും, സുഗന്ധഗിരി റോഡിന് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി 30 ലക്ഷവും നേടിയെടുക്കാന്‍ പഞ്ചായത്തിനായി. വൈദ്യുതിക്ക് 3കോടി, വലിയപാറ കുടിവെള്ള പദ്ധതിക്ക് 40 ലക്ഷവും, ജലനിധി പദ്ധതിക്ക് നാല് കോടിയും ഈ കാലളവില്‍ അനുവദിക്കുകയുണ്ടായി. വിദ്യാഭ്യാസ രംഗത്തും, തൊഴിലുറപ്പ് മേഖലയിലും, ആരോഗ്യ രംഗങ്ങളിലും വന്‍ വികസനം നടത്താന്‍ യു ഡി എഫ് ഭരണ സമിതിക്ക് സാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് ഭരണം മടുത്ത ജനം യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയായിരുന്നു. അന്ന് മുതല്‍ യു ഡി എഫ് ഭരണ സമിതി സമിതിക്കമെതിരെ സി പി എം ഗൂഡാലോചനയും, അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്താന്‍ സി പി എം എന്തും നടത്തുമെന്നതിന്റെ അവസാന ഉദാഹരമാണ് പൊഴുതനയില്‍ നടന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.കെ കെ ഹനീഫ, കെ അബൂബക്കര്‍, സി മമ്മി, ഇ കെ ഹുസൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest