ബീഹാറിലെ ഉച്ചഭക്ഷണ ദുരന്തത്തിന് പിന്നില്‍ മോഡി?

Posted on: July 30, 2013 8:51 pm | Last updated: July 30, 2013 at 8:51 pm

modi with nitheeshപാറ്റ്‌ന: ബീഹാറിലെ സ്‌കൂള്‍ ഉച്ചഭക്ഷണ ദുരന്തത്തിന് പിന്നിലും ബുദ്ധ ഗയ സ്‌ഫോടനത്തിന് പിന്നിലും നരേന്ദ്ര മോഡിയോ? നരേന്ദ്ര മോഡിക്ക് ഈ രണ്ട് ദുരന്തങ്ങളിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ബീഹാറിലെ ജനതാദള്‍ യു പ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ജനതാദള്‍ യു വിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും വന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇവര്‍ സംശയിക്കുന്നത്. ഉച്ചഭക്ഷണത്തില്‍ കലര്‍ത്തപ്പെട്ട കീടനാശിനി ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്നതാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ജെ ഡി യു. എം എല്‍ എ മഞ്ജിത് സിംഗ് പറയുന്നു. ബുദ്ധ ഗയയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ടൈമറുകള്‍ രാജ്‌കോട്ടില്‍ ഉണ്ടാക്കിയതാണെന്ന സംശയവും മഞ്ജിത് സിംഗ് ഉയര്‍ത്തി.

മോഡിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ സംശയങ്ങള്‍ ഉയരുന്നത്. മോഡിയെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെ ഡി യു എന്‍ ഡി എ വിട്ടത്.