ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Posted on: July 30, 2013 3:04 pm | Last updated: July 30, 2013 at 3:09 pm

batla-house-encounterന്യൂഡല്‍ഹീ: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഷെഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

തൊണ്ണൂറ്റയ്യായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതില്‍ 40,000 രൂപ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ കുടുംബത്തിനും 20,000 രൂപ ഏറ്റമുട്ടലില്‍ പരുക്കേറ്റ ബല്‍വന്ദ് എന്ന ഉദ്യോഗസ്ഥനും നല്‍കാനാണ് കോടതി ഉത്തരവ്.

2008 സെപ്തംബര്‍ 19നാണ് ഡല്‍ഹി ജാമിയാ നഗറിലെ ബാട്‌ല ഹൗസില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിച്ച രണ്ട് പേര്‍ സ്‌പെഷ്യല്‍ സെല്ലിന്റെ ഓപ്പറേഷനില്‍ വെടിയേറ്റ് മരിച്ചു. ഓപ്പറേഷന് നേതൃത്വം നല്‍കി ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഷെഹ്‌സാദാണ് മോഹന്‍ ചന്ദ് ശര്‍മയെ വെടിവെച്ചതെന്ന് തെളിഞ്ഞതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.